ന്യൂഡൽഹി
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റെങ്കിലും ബിജെപി സർക്കാർ അവരുടെ കടുത്ത ജനാധിപത്യവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകാനാണ് സാധ്യതയെന്ന് സിപിഐ ദേശീയ കൗൺസിൽ വിലയിരുത്തി. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും എതിർശബ്‌ദങ്ങളെ അടിച്ചമർത്താനും സർക്കാർ സംവിധാനങ്ങളെ ദുരുപയോഗിക്കുന്നത് തുടരും.
ബിജെപിക്ക് ഭൂരിപക്ഷം നൽകാതിരിക്കുക വഴി ഭരണഘടനയിൽ മാറ്റം വരുത്താനുള്ള അവരുടെ നീക്കത്തെയാണ് വോട്ടർമാർ പരാജയപ്പെടുത്തിയത്. ഇന്ത്യാ കൂട്ടായ്‌മയെ ശക്തമായ പ്രതിപക്ഷമാക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഒമ്പത് സീറ്റാണ് ലഭിച്ചത്. സിപിഐയുടെ പ്രകടനത്തിൽ കൗൺസിൽ അംഗങ്ങൾ ആശങ്ക രേഖപ്പെടുത്തി. പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി ഏറ്റെടുക്കേണ്ട കടമകൾക്ക് ദേശീയ കൗൺസിൽ അംഗീകാരം നൽകി.
ജനങ്ങളുടെ ജീവിതോപാധി പ്രശ്‌നങ്ങൾ ഏറ്റെടുത്ത് തനിച്ചും മറ്റ് ഇടതുപക്ഷ പാർടികളുമായി ചേർന്നും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണം. ബിജെപിക്കും ആർഎസ്‌എസിനുമെതിരായ പ്രചാരണം തീവ്രമാക്കണം. കമ്യൂണിസ്‌റ്റ് ഐക്യവും വിശാല ഇടതുപക്ഷ ഐക്യവും ശക്തിപ്പെടുത്തണം–- സിപിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..