ന്യൂഡൽഹി
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ത്രിപുര മുൻ സംസ്ഥാന സെക്രട്ടറിയുമായ ബിജൻ ധർ (70) അന്തരിച്ചു. കോവിഡിനെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച രാവിലെയായിരുന്നു അന്ത്യം. ഭാര്യ: ഇള ദാസ്‌ഗുപ്‌ത. മകൾ: ഗോപ ധർ.
മൂന്നുവർഷമായി ത്രിപുര ഇടതുമുന്നണി കൺവീനറാണ്. 1970കളിൽ വിദ്യാർഥിപ്രസ്ഥാനം വഴി പൊതുരംഗത്ത് സജീവമായി. 1978ൽ സംസ്ഥാന കമ്മിറ്റിയിലേക്കും 1995ൽ സംസ്ഥാന സെക്രട്ടറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2008ൽ സംസ്ഥാന സെക്രട്ടറിയായി. 10 വർഷം ആ ചുമതല നിർവഹിച്ചു. 2002ൽ 17–-ാം പാർടി കോൺഗ്രസിലാണ് കേന്ദ്രകമ്മിറ്റി അംഗമായത്.
അടിയന്തരാവസ്ഥയിൽ ഒരു വർഷത്തോളം ഒളിവിൽ പ്രവർത്തിച്ചു. അഞ്ച് മാസം ജയിലിൽ കഴിഞ്ഞു. മികച്ച മാർക്‌സിസ്‌റ്റ് സൈദ്ധാന്തികനായ ബിജൻ ധർ പ്രവർത്തകർക്ക് വിദ്യാഭ്യാസം നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു.
ബിജൻ ധറിന്റെ വിയോഗത്തിൽ പൊളിറ്റ്‌ബ്യൂറോ അഗാ ധ ദുഃഖവും നടുക്കവും പ്രകടിപ്പിച്ചു. രക്തരൂക്ഷിതമായ ആക്രമണങ്ങൾക്കെതിരെ ത്രിപുരയിലെ പാർടി പൊരുതുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം. ഭാര്യയെയും മകളെയും കുടുംബാംഗങ്ങളെയും പിബി അനുശോചനം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..