ന്യൂഡൽഹി
ഹരിയാന ഫരീദാബാദിൽ ഗോരക്ഷാ ക്രിമിനലുകൾ വെടിവച്ചുകൊന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ആര്യൻ മിശ്രയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. നിർധന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ആര്യൻ. കുടുംബത്തിന് സാമ്പത്തിക സഹായവും സഹോദരൻ അജയ് മിശ്രയ്‌ക്ക് സർക്കാർ ജോലിയും നൽകണം. പ്രതികളുമായി പൊലീസ് ഒത്തുകളിക്കുന്നതിനെതിരെ നടപടി വേണം. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം.
ഗോരക്ഷയുടെ പേരിൽ ക്രിമിനലുകൾ സർക്കാർ അംഗീകാരത്തോടെ അഴിഞ്ഞാടുന്നതിന് അറുതിവരുത്തണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ ആര്യന്റെ വീട്ടിലും പ്രദേശത്തും സന്ദർശനം നടത്തിയ സംഘമാണ് പ്രസ്‌താവനയിൽ ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.
രണ്ടുമുറി വീട്ടിൽ വാടകയ്‌ക്ക് താമസിക്കുകയാണ് ആര്യന്റെ കുടുംബം. വീട്ടുടമയുടെ കുടുംബത്തിന് ക്രിമിനലുകളുമായി ബന്ധമുണ്ടെന്ന് വിവരമുണ്ട്. വീട് മാറാൻ ശ്രമിച്ചപ്പോൾ ഒറ്റിയായി നൽകിയ പണം തിരിച്ചുകൊടുക്കാതെ ആര്യന്റെ കുടുംബത്തെ കുടുക്കിയിട്ടിരിക്കുകയാണ്.
കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് ആര്യന്റെ കുടുംബം ആരോപിക്കുന്നു. പൊലീസാകട്ടെ വീട്ടുടമയുടെ കുടുംബത്തെ സംരക്ഷിക്കുന്നു. ആര്യൻ കൊല്ലപ്പെട്ട ദിവസം, വീട്ടുടമയുടെ കുടുംബാംഗങ്ങളിൽ ചിലർ ഒപ്പം കാറിൽ സഞ്ചരിച്ചിരുന്നു. അന്വേഷണം വഴിതെറ്റിക്കുന്ന മൊഴികളാണ് ഇവർ നൽകിയത്.
ക്രിമിനൽ സംഘം ദേശീയപാതയിൽ 30 കിലോമീറ്റർ ദൂരം കാറിൽ പിന്തുടർന്ന് ആക്രമിച്ചത് പൊലീസിന്റെ കണ്ണിൽപ്പെടാതിരുന്നത് ദുരൂഹമാണെന്നും സിപിഐ എം സംഘാംഗങ്ങൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..