22 December Sunday

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമം ഉടൻ രൂപീകരിക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

ന്യൂഡൽഹി> കൊൽക്കത്തയിൽ യുവഡോക്ടറെ  ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നുള്ള ഡോക്ടർമാരുടെ അഭൂതപൂർവ്വമായ പ്രക്ഷോഭം അവർ നേരിടുന്ന അരക്ഷിതവും അപായകരവുമായ തൊഴിൽസാഹചര്യങ്ങളോടുള്ള പ്രതികരണം കൂടിയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ.

ഡോക്ടർമാരുടെ പ്രക്ഷോഭം വലിയരീതിയിലുള്ള ജനപിന്തുണ ആർജ്ജിച്ചിട്ടുണ്ട്‌. ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കാൻ സമഗ്രമായ നിയമനിർമാണം നടത്തണമെന്ന ഡോക്ടർമാരുടെ ആവശ്യത്തോട്‌ ക്രിയാത്മകമായി പ്രതികരിക്കുന്നതിന്‌ പകരം ഉദ്യോഗസ്ഥതലത്തിൽ ഒരു സമിതി രൂപീകരിച്ച്‌ വിഷയം പരിശോധിക്കാമെന്ന മോദിസർക്കാരിന്റെ നിലപാട്‌ ദൗർഭാഗ്യകരമാണ്‌.  

ആർജി കർ കേസിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത്‌ കഴിഞ്ഞു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിയമം രൂപീകരിക്കൽ കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്‌. ആരോഗ്യമേഖലയിലെ ബന്ധപ്പെട്ട എല്ലാകക്ഷികളുമായി കൂടിആലോചിച്ച്‌ സമഗ്രമായ നിയമമുണ്ടാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. കൊൽക്കത്ത സംഭവത്തിൽ  പശ്‌ചിമബംഗാൾ സർക്കാർ നിയമപ്രക്രിയയെ അട്ടിമറിക്കാനും ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്താനും നടത്തുന്ന നീക്കങ്ങൾ ഒരോദിവസവും പുറത്തുവരുന്നുണ്ട്‌. മുഖ്യമന്ത്രിയിലും സർക്കാരിലും വിശ്വാസമില്ലെന്ന ഇരയുടെ പിതാവിന്റെ നിലപാട്‌ തന്നെയാണ്‌ സാധാരണക്കാർക്കുമുള്ളത്‌.

ആരോഗ്യപ്രവത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളുള്ള നിയമനിർമാണം അടിയന്തിരമായി കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാകണം. കൊൽക്കത്തയിലെ നിഷ്‌ഠൂരമായ കുറ്റകൃത്യത്തിന്‌ പിന്നിലുള്ള ക്രിമിനലുകളെ ഒളിപ്പിക്കാനും സംരക്ഷിക്കാനുമുള്ള  സംസ്ഥാനസർക്കാരിന്റെ നീക്കം അപലപനീയമാണ്‌. ഇരയ്‌ക്കും കുടുംബത്തിനും നീതി ഉറപ്പാക്കണമെന്നും സിപിഐ എം പിബി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top