ന്യുഡൽഹി
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്‌ട്രയിൽ പടുകൂറ്റൻ റാലികളുമായി സിപിഐ എം. ആദിവാസിമേഖലയായ പാൽഘർ ജില്ലയിലെ തലസാരി, ദഹാനു, വിക്രംഗഡ് താലൂക്ക് ഓഫീസുകളിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ റാലികളിൽ കാൽലക്ഷം പേർ അണിനിരന്നു. അപകടകരമായ ഭേദഗതിവരുത്തിയ വനാവകാശ നിയമം നടപ്പാക്കൽ, ഭൂമിയേറ്റടുക്കൽ, ക്ഷേത്ര–-ഇനാമി ഭൂമി സംബന്ധിച്ച ആശങ്ക എന്നിവ ഉന്നയിച്ചാണ് പ്രക്ഷോഭം. റേഷൻ സമ്പ്രദായത്തിലെ ക്രമക്കേടും അഴിമതിയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ആയിരക്കണക്കിന് കർഷകരെയും മത്സ്യത്തൊഴിലാളികളെയും കുടിയിറക്കുന്ന വധ്വാൻ തുറമുഖത്തേതാടുള്ള എതിർപ്പും റാലികളില്‍ പ്രതിഫലിക്കുന്നു.
തലസാരി റാലി സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം അശോക് ധാവ്‌ളെ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും എംഎൽഎയുമായ വിനോദ് നിക്കോളെ, കിരൺ ഗഹാല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലക്ഷ്മൺ ഡോംബ്രെ, റഡ്ക കലംഗ്ഡ, ലഹാനി ദൗദ, ചന്ദു ധംഗ്ഡ തുടങ്ങിയവരും വിവിധ റാലികളില്‍ സംസാരിച്ചു.
ജവഹർ, പാൽഘർ, വാഡ, വസായ് താലൂക്കുകളിലും താനെ ജില്ലയിലെ ഷഹാപൂരിലും അടുത്ത ദിവസം റാലികൾ സംഘടിപ്പിക്കും. വന്‍ ജനപങ്കാളിത്തമുണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..