22 December Sunday

യെച്ചൂരിയുടെ അകാല വിയോഗം കനത്ത ആഘാതം : സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

ന്യൂഡൽഹി
ദേശീയ രാഷ്‌ട്രീയം നിർണായകഘട്ടത്തിൽ എത്തിനിൽക്കെ സീതാറാം യെച്ചൂരിയുടെ അകാല വിയോഗം സിപിഐ എമ്മിന്‌ കനത്ത ആഘാതവും ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾക്ക്‌ വേദനാജനകമായ നഷ്ടവുമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സിപിഐ എമ്മിന്റെ ഏറ്റവും ഉന്നതനേതാവായിരുന്ന അദ്ദേഹം   ഇടതുപക്ഷത്തിന്റെ പ്രഗത്ഭനായ  നായകനും  പ്രമുഖ മാർക്‌സിസ്റ്റ്‌ സൈദ്ധാന്തികനുമായിരുന്നു. മൂന്ന്‌ പതിറ്റാണ്ടിലേറെയായി പാർടി കേന്ദ്രത്തിൽ നേതൃനിരയുടെ ഭാഗമായി പ്രവർത്തിച്ചുവന്ന അദ്ദേഹം കാലാകാലങ്ങളിൽ പാർടിയുടെ രാഷ്‌ട്രീയ നിലപാട്‌ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.  പ്രിയ സഹപ്രവർത്തകന്റെ വിയോഗത്തിൽ, ചെങ്കൊടി താഴ്‌ത്തി പൊളിറ്റ്‌ബ്യൂറോ അനുശോചനം പ്രകടിപ്പിക്കുന്നു. ചൂഷണരഹിതമായ സമൂഹം കെട്ടിപ്പടുക്കാനുള്ള പോരാട്ടം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ പാർടി പ്രവർത്തകരോട്‌ പൊളിറ്റ്‌ബ്യൂറോ ആഹ്വാനം ചെയ്‌തു.

പ്രത്യയശാസ്‌ത്രരംഗത്ത് സവിശേഷ പങ്ക്‌
പ്രത്യയശാസ്‌ത്ര രംഗത്ത് സീതാറാം യെച്ചൂരി സവിശേഷ പങ്ക്‌ വഹിച്ചെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അനുശോചനസന്ദേശത്തിൽ പറഞ്ഞു.  1974ൽ വിദ്യാർഥിപ്രസ്ഥാനത്തിന്റെ ഭാഗമായ അദ്ദേഹം 1975ൽ സിപിഐ എം അംഗമായി. 2015ൽ നടന്ന 21–--ാം കോൺഗ്രസ്‌ മുതൽ പാർടി ജനറൽ സെക്രട്ടറിയായി പ്രവാർത്തിച്ചുവരികയായിരുന്നു.

സോഷ്യലിസത്തിനേറ്റ തിരിച്ചടികളുടെ പശ്‌ചാത്തലത്തിൽ 14–-ാം കോൺഗ്രസിൽ പാർടിയുടെ പ്രത്യയശാസ്‌ത്ര നിലപാടുകൾ ഉറപ്പിക്കാൻ ‘ചില പ്രത്യയശാസ്‌ത്ര പ്രശ്‌നങ്ങളെക്കുറിച്ച്‌’ എന്ന പേരിൽ പ്രമേയം അംഗീകരിച്ചു. പാർടി കോൺഗ്രസിൽ ഈ പ്രമേയം അവതരിപ്പിച്ചത്‌ സീതാറാം യെച്ചൂരിയാണ്‌. 2012ൽ നടന്ന 20–-ാം പാർടി  കോൺഗ്രസിൽ പ്രത്യയശാസ്‌ത്ര നിലപാടുകൾ നവീകരിച്ചപ്പോൾ ആ പ്രമേയത്തിന്റെ മുഖ്യ അവതാരകനും അദ്ദേഹമായിരുന്നു.

അടുത്ത കാലത്തായി സീതാറാം യെച്ചൂരി തന്റെ സമയത്തിന്റെയും ഊർജത്തിന്റെയും ഏറിയ പങ്കും ചെലവിട്ടത്‌ മതനിരപേക്ഷ പ്രതിപക്ഷ പാർടികളുടെ വിശാലമായ ഐക്യം രൂപപ്പെടുത്താനാണ്‌. ഇതാണ്‌ ഇന്ത്യ കൂട്ടായ്‌മയായി മാറിയത്‌. സിപിഐ എം പിന്തുണച്ച ഐക്യമുന്നണി, യുപിഎ സർക്കാരുകളുടെ കാലത്ത്‌ കൂടിയാലോചനകളിൽ പാർടിയെ പ്രതിനിധാനം ചെയ്‌തവരിൽ പ്രധാനിയാണ്‌ യെച്ചൂരി. രാഷ്‌ട്രീയ വ്യത്യാസത്തിന്‌ അതീതമായും, സമൂഹത്തിന്റെ നാനാതുറകളിലും അദ്ദേഹത്തിന്‌ വിപുലമായ സുഹൃദ്‌വലയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ സത്യസന്ധതയും പ്രതിബദ്ധതയും അങ്ങേയറ്റം ആദരം നേടി.
യെച്ചൂരിയുടെ  ഭാര്യ സീമ, മകൾ അഖില, മകൻ ഡാനിഷ്‌, സഹോദരൻ ശങ്കർ എന്നിവരെയും ഇതര കുടുംബാംഗങ്ങളെയും പിബി അഗാധമായ  അനുശോചനം അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top