22 December Sunday
ഇസ്രയേലിലേക്കുള്ള ആയുധക്കയറ്റുമതി 
നിരോധിക്കണം

മണിപ്പുർ കലാപം ; കേന്ദ്രം രാഷ്‌ട്രീയ 
കൂടിയാലോചന ആരംഭിക്കണം : സിപിഐ എം കേന്ദ്രകമ്മിറ്റി

പ്രത്യേക ലേഖകൻUpdated: Wednesday Oct 2, 2024


ന്യൂഡൽഹി
മണിപ്പുരിൽ കേന്ദ്രസർക്കാർ നേരിട്ട്‌ ഇടപെട്ട്‌  സമാധാനവും സാധാരണനിലയും സ്ഥാപിക്കാൻ ആവശ്യമായ സാഹചര്യം സൃഷ്ടിക്കണമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനായി വിവിധ വംശീയവിഭാഗങ്ങളുടെ സംഘടനകളുമായി രാഷ്‌ട്രീയ കൂടിയാലോചന നടത്തണം. അങ്ങേയറ്റം ആശങ്കാജനകമാണ്‌ മണിപ്പുരിലെ സ്ഥിതി. താഴ്‌വരയുടെ അതിർത്തിപ്രദേശങ്ങളിലും കുന്നുകളിലും ആക്രമണങ്ങൾ തുടരുകയാണ്‌. സംഘർഷത്തിലേക്ക്‌ നയിച്ച അടിസ്ഥാനപ്രശ്‌നം പരിഹരിക്കുന്നതിൽ ലജ്ജാകരമായി പരാജയപ്പെട്ട കേന്ദ്രവും സംസ്ഥാന സർക്കാരും വിഷയം വംശീയവിഭജനമായി  വളരാൻ അനുവദിച്ചു.

കഴിഞ്ഞ 16 മാസത്തിൽ ഒരുതവണ പോലും പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കാതിരുന്നത്‌ കേന്ദ്രത്തിന്റെ നിരുത്തരവാദനിലപാടുകളിൽ ഏറ്റവും  പ്രകടമായതാണ്‌. സംസ്ഥാനത്ത്‌ രാഷ്‌ട്രീയചർച്ചകൾക്കും പ്രശ്‌നപരിഹാരത്തിനും വഴി തുറക്കാനുള്ള ഉപാധികളിൽ ഏറ്റവും പ്രധാനം ബിരേൻസിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ നീക്കുകയെന്നതാണ്‌.

ഇസ്രയേലിലേക്കുള്ള ആയുധക്കയറ്റുമതി 
നിരോധിക്കണം
ഇന്ത്യയിൽ നിർമിച്ച ആയുധങ്ങളും സ്‌ഫോടകവസ്‌തുക്കളും ഇസ്രയേലിലേക്ക്‌ കയറ്റുമതി ചെയ്യാൻ അനുവദിക്കുകയാണ്‌ കേന്ദ്രം. ഗാസയിൽ ഇസ്രയേൽ സേന ഉപയോഗിക്കുന്നത്‌ ഈ ആയുധങ്ങളാണ്‌. ഇസ്രയേലിലേക്കുള്ള ആയുധക്കയറ്റുമതി ഉടൻ നിരോധിക്കണമെന്ന്‌ കേന്ദ്രകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഇന്ത്യ ദീർഘകാലമായി  പിന്തുടർന്നുവന്ന, പലസ്‌തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുകയെന്ന നയം മോദിസർക്കാർ ഉപേക്ഷിച്ചിരിക്കുന്നു. അധിനിവേശ മേഖലകളിൽനിന്ന്‌ 12 മാസത്തിനകം പിൻവാങ്ങണമെന്ന്‌ ഇസ്രയേലിനോട്‌ ആവശ്യപ്പെടുന്ന പ്രമേയം യുഎൻ പൊതുസഭയിൽ വോട്ടിനിട്ടപ്പോൾ ഇന്ത്യ പിന്തുണച്ചില്ല, വിട്ടു നിൽക്കുകയാണ്‌ ചെയ്‌തത്‌.

പലസ്‌തീൻ ജനതയ്‌ക്കുനേരെ ഇസ്രയേൽ നടത്തുന്ന വംശഹത്യാ യുദ്ധത്തിന്റെ ഒന്നാം വാർഷികദിനമായ ഒക്ടോബർ ഏഴിന്‌ ഇടതുപക്ഷ പാർടികൾ ആഹ്വാനം ചെയ്‌ത പ്രതിഷേധദിനാചരണത്തിൽ പങ്കുചേരാൻ പാർടിയുടെ എല്ലാ ഘടകങ്ങളോടും കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top