കൊൽക്കത്ത
ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ സിബിഐ ആറാമതും ചോദ്യം ചെയ്തു. നേരത്തെ അദ്ദേഹം നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് വീണ്ടും ചോദ്യംചെയ്‌തത്. പ്രിൻസിപ്പലിന്റെ ചുമതല നൽകിയ ബുൾബുൾ മുഖർജിയെയും സിബിഐ ചോദ്യം ചെയ്‌തു.
സന്ദീപ് ഘോഷിനെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അഖ്തർ അലി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ഘോഷിനെതിരായ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യാൻ ജസ്റ്റിസ് രാജർഷി ഭരദ്വാജ് അനുമതി നൽകി.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തിങ്കളാഴ്ച പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയമിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ വിവിധ മെഡിക്കൽ കോളേജുകളിലെയും ആശുപത്രികളിലെയും ജൂനിയർ ഡോക്ടർമാരും വിദ്യാർഥികളും ബുധനാഴ്ചയും പ്രധിഷേധ റാലി നടത്തി. അന്വേഷണം ഊർജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തിലും റാലികൾ നടന്നു. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് സിഐഎസ്‌എഫ് മെഡിക്കൽ കോളേജിന്റെ സുരക്ഷാചുമതല ഏറ്റെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..