06 October Sunday

രാജ്യത്തിന് ശ്വാസംമുട്ടുമ്പോള്‍ ബദരീനാഥിന് 100 കോടി ; എണ്ണക്കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോ​ഗിച്ച് ആത്മീയ ന​ഗരപദ്ധതി

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021

narendra modi's photo credit wikimedia commons


ന്യൂഡൽഹി
ഉത്തരാഖണ്ഡിലെ ബദരീനാഥ് ധാമിനെ ആധുനികക്ഷേത്രന​ഗരിയാക്കാന്‍ അഞ്ച് പൊതുമേഖലാ പെട്രോളിയം കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽനിന്ന്‌ 100 കോടി ചെലവഴിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. രാജ്യം മഹാമാരി നേരിടുമ്പോൾ ആരോഗ്യമേഖലയിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുപകരം സാമൂഹ്യക്ഷേമത്തിനായി വൻകിട സ്ഥാപനങ്ങൾ ചെലവിടേണ്ടതുക ആത്മീയനഗരം കെട്ടിപ്പടുക്കാൻ വഴിതിരിച്ചുവിടുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒഎൻജിസിയും ബിപിസിഎല്ലും ഗെയിലും  ഇന്ത്യൻ ഓയിൽ കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയവും  പണം ചെലവഴിക്കുമെന്ന് കഴിഞ്ഞദിവസം പെട്രോളിയംമന്ത്രി ധർമേന്ദ്രപ്രധാൻ ആണ് പ്രഖ്യാപിച്ചത്.ഇതുകൂടാതെ കേദാർനാഥ്, ഉത്തർകാശി, യമുനോത്രി, ഗംഗോത്രി എന്നിവയുടെ വികസനത്തിനും കമ്പനികൾ പണം ചെലവിടണമെന്നും നിർദേശിക്കുന്നു. ഈ നിക്ഷേപം രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നാണ് മന്ത്രിയുടെ നിരീക്ഷണം. ഒഎൻജിസി, ഗെയിൽ, ഐഒസിൽ എന്നീ കമ്പനികൾ 25 കോടിവീതവും ഹിന്ദുസ്ഥാൻ പെട്രോളിയം 20കോടിയും ബിപിസിൽ അഞ്ചരക്കോടിയുമാണ് നീക്കിവയ്ക്കാൻ നിർബന്ധിതരായത്.

രാജ്യത്തിന്റെ ദരിദ്രമേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിനായി ചെലവഴിക്കപ്പെടേണ്ട പണമാണ് ഇത്തരത്തിൽ വഴിതിരിച്ചുവിടുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം ശ്വാസംമുട്ടുമ്പോൾ കേന്ദ്രം മുൻഗണന നൽകേണ്ടത് ആശുപത്രികൾക്കാണോ ക്ഷേത്രനഗരങ്ങൾക്കാണോ എന്ന ചോദ്യവും സാമൂഹ്യമാധ്യമങ്ങളിൽ നിന്നുയരുന്നു. പൊതുമേഖല എണ്ണക്കമ്പനികളെ കേന്ദ്രം പിഴിയുന്ന പണം സംഘപരിവാറിന്റെ അജൻഡകൾ നടപ്പാക്കാനായി വിനിയോഗിക്കപ്പെടുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യത്ത് എണ്ണവിലവർധനയുടെ ആത്യന്തികഗുണഭോക്താവ് ആരാണെന്ന ചോദ്യവും ഇതോടെ ഉയരുന്നു. പിഎം കെയർഫണ്ടിലേക്ക് കഴിഞ്ഞ വർഷം എണ്ണക്കമ്പനികൾ 870 കോടി നൽകി. എന്നാൽ, ഈ ഫണ്ടിൽനിന്ന്‌ വാക്‌സിനുവേണ്ടി പണം ചെലവാക്കാൻ കേന്ദ്രം തയ്യാറല്ല. സംസ്ഥാനങ്ങൾ പണംകൊടുത്ത് നേരിട്ട് കമ്പനികളിൽനിന്ന് വാങ്ങണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top