30 November Saturday

ഫെയ്‌ൻജൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തമിഴ്നാട്ടിൽ അതീവജാഗ്രത; വിമാന സർവീസുകൾ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024

ചെന്നൈ > ഫെയ്‌ൻജൽ ചുഴലിക്കൊടുങ്കാറ്റ്‌ ഇന്ന് കരതൊടുമെന്ന് ദേശീയ കാലാവസ്ഥ വകുപ്പ്‌. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ അതി തീവ്ര ന്യൂനമർദ്ദമാണ് ഫിൻജാൽ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ കരയിൽ പ്രവേശിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പരമാവധി 90 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ്. ചുഴലിക്കാറ്റിനെത്തുടർന്ന് തമിഴ്നാട്ടിലും തെക്കൻ ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ റെഡ് അലർട്ടാണ് നൽകിയിരിക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടാകും. പുതുച്ചേരിയിലും ജാ​ഗ്രത നിർദേശമുണ്ട്.

ചെന്നൈ അടക്കം 8 ജില്ലകളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ചെന്നൈിലേക്കും തിരിച്ചുമുള്ള 13 വിമാന സർവീസുകൾ റദ്ദാക്കി. ചെന്നൈ മെട്രോ രാത്രി വരെ തുടരും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികൾ ബംഗാൾ ഉൾക്കടലിൽ പോകരുതെന്ന് നിർദേശിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അവധി പ്രഖ്യാപിച്ച ജില്ലകളിൽ സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താനാണ് നിർദേശം.

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രപതിയുടെ ഇന്നത്തെ പരിപാടി റദ്ദാക്കി. തിരുവാരൂരിൽ കേന്ദ്ര സർവകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കില്ല.

തെക്ക്‌ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക്‌ സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ട്‌ അതി തീവ്ര ന്യൂനമർദമായും തുടർന്ന്‌ ചുഴലിക്കാറ്റായും മാറുമെന്നായിരുന്നു ആദ്യ പ്രവചനം.  എന്നാൽ ഇതിന്റെ പാത സംബന്ധിച്ച്‌ ഏജൻസികൾക്കിടയിൽ ഭിന്നാഭിപ്രായമായിരുന്നു. വ്യാഴാഴ്‌ചയോ വെള്ളിയാഴ്‌ചയോ കരതൊടാനുള്ള സാധ്യതയും പ്രവചിച്ചു. ഇതിനനുസരിച്ച്‌ തമിഴ്‌നാടടക്കമുള്ള സംസ്ഥാനങ്ങൾക്ക്‌ മുന്നറിയിപ്പും നൽകി. എന്നാൽ, വ്യാഴാഴ്‌ച  മുന്നറിയിപ്പ്‌ പിൻവലിച്ചു. മെറ്റ്‌ബീറ്റ്‌ വെതർ അടക്കമുള്ള സ്വകാര്യ ഏജൻസികളും ചില വിദേശ കാലാവസ്ഥാ ഏജൻസികളും ചുഴലിക്കാറ്റ്‌ രൂപപ്പെടുമെന്നു തന്നെ വിലയിരുത്തി. വെള്ളിയാഴ്‌ച രാവിലെയാണ്‌  ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്‌ ചുഴലിക്കാറ്റ്‌ മുന്നറിയിപ്പ്‌ വീണ്ടും നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top