23 December Monday

ജസ്‌റ്റിസ്‌ കൃഷ്‌ണയ്യരെ വിമർശിച്ച്‌ 
ചീഫ്‌ ജസ്‌റ്റിസ്‌, എതിർത്ത്‌ മറ്റ്‌ ജഡ്‌ജിമാർ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024


ന്യൂഡൽഹി
പൊതുനൻമയ്‌ക്കായി എല്ലാ സ്വകാര്യസ്വത്തുക്കളും  സർക്കാരുകൾക്ക്‌ ഏറ്റെടുക്കാൻ കഴിയില്ലെന്ന വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിൽ തനിക്കും ആറ്‌ സഹജഡ്‌ജിമാർക്കുംവേണ്ടി ഭൂരിപക്ഷ വിധി എഴുതിയ ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ രംഗനാഥറെഡ്ഡി കേസിലെ ജസ്‌റ്റിസ്‌ വി ആർ കൃഷ്‌ണയ്യരുടെ നിരീക്ഷണത്തെ രൂക്ഷമായി വിമർശിച്ചു. ജസ്‌റ്റിസ്‌ കൃഷ്‌ണയ്യരുടെ നിരീക്ഷണം ‘പ്രത്യേക പ്രത്യയശാസ്‌ത്രത്തിന്റെ’ ഭാഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കൃഷ്‌ണയ്യർ തന്റെ വിധിന്യായത്തിൽ കാൾമാർക്‌സിനെ ഉദ്ധരിച്ച കാര്യവും ചീഫ്‌ ജസ്‌റ്റിസ്‌ ചൂണ്ടിക്കാട്ടി.

ജസ്‌റ്റിസ്‌ കൃഷ്‌ണയ്യരുടെ സിദ്ധാന്തം ഭരണഘടനയുടെ വിശാലവും വഴക്കമുള്ളതുമായ അന്തസത്തയ്‌ക്ക്‌ ചേരാത്തതാണെന്നും ചീഫ്‌ ജസ്‌റ്റിസ്‌ കുറ്റപ്പെടുത്തി. 1960കളിലും 1970കളിലും ‘സോഷ്യലിസ്‌റ്റ്‌’ പരീക്ഷണങ്ങളോടും നയങ്ങളോടും ചായ്‌വുണ്ടായിരുന്നു. 1990കൾക്ക്‌ ശേഷം ഉദാരവൽക്കരണം വന്നതോടെ കമ്പോളകേന്ദ്രീകൃത നയങ്ങൾക്ക്‌ പ്രാമാണ്യം ലഭിച്ചതായും ചീഫ്‌ജസ്‌റ്റിസ്‌ പറഞ്ഞു.

എന്നാൽ, ഭിന്നവിധികൾ പുറപ്പെടുവിച്ച ജസ്‌റ്റിസ്‌ ബി വി നാഗരത്നയും ജസ്‌റ്റിസ്‌ സുധാൻശുധുലിയയും ചീഫ്‌ ജസ്‌റ്റിസിന്റെ നിരീക്ഷണത്തോട്‌ കടുത്ത വിയോജിപ്പ്‌ രേഖപ്പെടുത്തി. ജസ്‌റ്റിസ്‌ കൃഷ്‌ണയ്യർക്ക്‌ എതിരായ ചീഫ്‌ജസ്‌റ്റിസിന്റെ നിരീക്ഷണങ്ങൾ അനാവശ്യവും നീതീകരിക്കാൻ കഴിയാത്തതുമാണെന്ന്‌ ജസ്‌റ്റിസ്‌ ബി വി നാഗരത്ന വിമർശിച്ചു. രാജ്യം സ്വാതന്ത്യം നേടിയതിന്‌ പിന്നാലെയുള്ള സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ജസ്‌റ്റിസ്‌ കൃഷ്‌ണയ്യർ തന്റെ വിധിന്യായത്തിൽ ചില നിരീക്ഷണങ്ങൾ നടത്തിയത്‌. എന്നാൽ, അതിന്റെ പേരിൽ അദ്ദേഹത്തെ ഇപ്പോൾ കുറ്റപ്പെടുത്തുന്നത്‌ ശരിയല്ലെന്ന്‌ ജസ്‌റ്റിസ്‌ നാഗരത്‌ന അഭിപ്രായപ്പെട്ടു.  ചീഫ്‌ ജസ്‌റ്റിസിന്റേത്‌ ഒഴിവാക്കാമായിരുന്ന ക്രൂരമായ പരാമർശമാണെന്നായിരുന്നു ജസ്റ്റിസ്‌ സുധാൻശുധുലിയയുടെ വിമർശം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top