ന്യൂഡൽഹി
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് വെള്ളിയാഴ്‌ച അവസാന പ്രവൃത്തിദിനം. ഞായറാഴ്‌ച ഔദ്യോഗികമായി വിരമിക്കും. സെറിമോണിയൽ ബെഞ്ചിന്റെ ഭാഗമായി ജസ്റ്റിസ് ചന്ദ്രചൂഡ് വെള്ളിയാഴ്‌ച കേസുകൾ പരിഗണിക്കും. അടുത്ത ചീഫ് ജസ്റ്റിസായി അധികാരമേൽക്കേണ്ട ജസ്റ്റിസ് സഞ്‌ജീവ് ഖന്നയും ബെഞ്ചിലുണ്ടാകും. 2022 നവംബർ എട്ടിനാണ് സുപ്രീംകോടതിയുടെ 50–-ാം ചീഫ് ജസ്റ്റിസായി അദ്ദേഹം അധികാരമേറ്റത്. ജനാധിപത്യ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും കേന്ദ്ര സർക്കാരിന്റെ അമിതാധികാര പ്രയോഗങ്ങൾ തടയാനും ആവശ്യമായ ഇടപെടലുകൾ ചീഫ് ജസ്റ്റിസെന്ന നിലയിൽ ജസ്റ്റിസ് ചന്ദ്രചൂഡിൽ നിന്നുണ്ടാകുമെന്ന പൊതുപ്രതീക്ഷ പലപ്പോഴും അസ്ഥാനത്തായി. ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി ഏകപക്ഷീയമായി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്ക് അദ്ദേഹം അധ്യക്ഷനായ ഭരണഘടനാബെഞ്ച് തുല്യംചാർത്തി.
പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കളുടെയും ആക്റ്റിവിസ്റ്റുകളുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ നീതി ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടു.
അയോധ്യാ കേസിൽ തീർപ്പുകൽപ്പിക്കുന്നതിലെ അനിശ്ചിതത്വം പരിഹരിക്കാൻ ദൈവത്തോട് പ്രാർഥിച്ചെന്ന വെളിപ്പെടുത്തൽ വിവാദമായി. തന്റെ വസതിയിലെ പൂജയിൽ പ്രധാനമന്ത്രി പങ്കെടുത്തതിനെ ന്യായീകരിക്കാൻ നടത്തിയ ശ്രമങ്ങൾ പരിഹാസ്യമായി. ഇലക്‌ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച ഒറ്റ വിധിന്യായത്തിന്റെ പിൻബലത്തിൽ വിമർശനങ്ങളുടെ മുനയൊടിക്കാനുള്ള ശ്രമങ്ങൾ ഫലിച്ചില്ല. എല്ലാ സ്വകാര്യസ്വത്തുക്കളും ഏറ്റെടുക്കാനാകില്ലെന്ന വിധിയിൽ ആദരണീയനായ ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യരെ അനാവശ്യമായി വിമർശിച്ചതും വിമർശിക്കപ്പെട്ടു.
ചീഫ് ജസ്റ്റിസ് ആകുംമുമ്പ് സുപ്രീംകോടതി ജഡ്‌ജിയെന്ന നിലയിൽ പുറപ്പെടുവിച്ച നിരവധി വിധിന്യായങ്ങളാകും ജസ്റ്റിസ് ചന്ദ്രചൂഡിനെ ചരിത്രം അടയാളപ്പെടുത്തുക. സ്വവർഗരതി കുറ്റകരമാക്കുന്ന 377–-ാം വകുപ്പും വിവാഹേതരബന്ധം കുറ്റകരമാക്കുന്ന 497–-ാം വകുപ്പും റദ്ദാക്കിയ വിധികൾ, ആധാർ നിയമം ഭരണഘടനാവിരുദ്ധമാണെന്ന ഭിന്നവിധി, ശബരിമലയിൽ പ്രായഭേദമന്യേ സ്‌ത്രീകൾക്ക് പ്രവേശം അനുവദിച്ചുള്ള വിധി, ഭിമാകൊറേഗാവ് കേസിൽ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ടുള്ള ഭിന്നവിധി തുടങ്ങിയവയാണ് ശ്രദ്ധേയ വിധികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..