ഭുവനേശ്വർ
ദാന ചുഴലിക്കാറ്റിനെ നേരിടാൻ ജാഗ്രതയോടെ ഒഡിഷയും പശ്ചിമബംഗാളും. വെള്ളിയാഴ്‌ച അതിരാവിലെ ഒഡിഷയിലെ ഭിട്ടർകനിക ദേശീയോദ്യാനത്തിനും ധമ്ര തുറമുഖത്തിനും ഇടയിൽ ദാന കരതൊടും. 14 ജില്ലകളിലായുള്ള പത്തുലക്ഷം പേരെ ഒഴിപ്പിക്കുന്നു.ആറായിരം ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
മത്സ്യത്തൊഴിലാളികളെല്ലാം തീരത്ത് തിരിച്ചെത്തി. ചുഴലിക്കാറ്റിന്റെ കരതൊടൽ പ്രക്രിയ വ്യാഴം രാത്രി മുതൽ തുടങ്ങും. വെള്ളി അതിരാവിലെ കരതൊടുമ്പോൾ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. കേന്ദ്രപാഡ, ഭദ്രക്, ബാലസോർ തുടങ്ങിയ ജില്ലകളിൽ വെള്ളപ്പൊക്കസാധ്യതയുണ്ട്.
എൻഡിആർഎഫിന്റെ 288 സംഘം സജ്ജമായി. ഭിട്ടർകനിക ദേശീയോദ്യാനത്തിൽ നിന്ന് മുതലകളും പാമ്പുകളും ജനവാസമേഖലകളിലെത്തുന്നത് തടയാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ചുഴലിക്കാറ്റ് ഭീഷണിയുള്ളതിനാൽ കൊൽക്കത്ത വിമാനത്താവളം വ്യാഴം രാവിലെ ആറു മുതൽ 15 മണിക്കൂർ അടച്ചിടും. ഒഡിഷയിലും പശ്ചിമബംഗാളിലുമായി മുന്നൂറിലേറെ ട്രെയിനുകള്‍ റദ്ദാക്കി. കൊൽക്കത്ത ഉൾപ്പെടെ ദക്ഷിണ ബംഗാളിലും കനത്തമഴ പെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..