മുംബൈ > ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന സഹായിയായ ഡാനിഷ് ചിക്ന എന്നറിയപ്പെടുന്ന ഡാനിഷ് മെർച്ചെന്റിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. ഡോംഗ്രി മേഖലയിൽ ദാവൂദിന്റെ മയക്കുമരുന്ന് ഓപ്പറേഷൻസ് കൈകാര്യം ചെയ്യുന്ന ഡാനിഷിനൊപ്പം ഇയാളുടെ കൂട്ടാളിയായ കാദർ ഗുലാം ഷെയ്ഖും അറസ്റ്റിലായി.
ഡാനിഷ് മയക്കുമരുന്ന് കേസിൽ പിടികിട്ടാ പുള്ളിയായിരുന്നുവെന്നാണ് മുംബൈ പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം മുഹമ്മദ് ആഷിക്കുർ സാഹിദുർ റഹ്മാൻ, റെഹാൻ ഷക്കീൽ അൻസാരി എന്നിവരുടെ അറസ്റ്റിനെ തുടർന്നാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഡാനിഷ് അറസ്റ്റിലായത്. നവംബർ 8ന് മറൈൻ ലൈൻ സ്‌റ്റേഷനു സമീപത്തു നിന്നും 144 ഗ്രാം മയക്കുമരുന്നുമായാണ് സാഹിദുർ റഹ്മാനെ പിടികൂടിയത്. ഡോംഗ്രിയിലെ അൻസാരിയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അൻസാരിയെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 55 ഗ്രാം മയക്കുമരുന്ന് പിടികൂടി. മയക്കുമരുന്ന് വിതരണം ചെയ്തത് ഡാനിഷും മറ്റൊരു കൂട്ടാളി ഖാദിർ ഫാന്റയും ആണെന്ന് അൻസാരി പൊലീസിനോട് പറഞ്ഞു. ഡാനിഷിനും കൂട്ടാളിക്കുമായുള്ള തിരച്ചിൽ വ്യാപകമാക്കിയതോടെ ഡിസംബർ 13ന് ഡോംഗ്രി യിൽ നിന്നും ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും മയക്കുമരുന്ന് സംഘത്തിൽ പങ്കുള്ളതായി സമ്മതിച്ചുവെന്നാണ് വിവരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..