22 December Sunday

സൽമാൻ ഖാന് നേരെയുള്ള വധഭീഷണി: പിന്നിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

ന്യൂഡൽഹി > നടൻ സൽമാൻ ഖാന് നേരെയുണ്ടായ വധഭീഷണിക്ക് പിന്നിൽ ബോളിവുഡ് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്. നടന് നേരെ വധഭീഷണി മുഴക്കിയതിന് സൽമാൻ ഖാൻ ചിത്രത്തിലെ തന്നെ ഗാനരചയ്‌താവാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് വധഭീഷണി നിലനിൽക്കെ സൽമാൻ ഖാന് കഴിഞ്ഞ ദിവസം വീണ്ടും വധഭീഷണി ലഭിച്ചിരുന്നു. വരാനിരിക്കുന്ന സൽമാൻ ഖാൻ ചിത്രം സിക്കന്ദറിലെ ഗാനരചയ്‌താവ് സൊഹാലി പാഷയാണ് ഭീഷണി സന്ദേശം അയച്ച കേസിൽ പിടിയിലായത്.

5 കോടി രൂപ നൽകിയില്ലെങ്കിൽ സൽമാൻ ഖാനെയും 'മെയിൻ സിക്കന്ദർ ഹുൻ' എന്ന ഗാനത്തിന്റെ രചയിതാവിനെയും കൊല്ലുമെന്ന് നവംബർ 7നാണ് സിറ്റി പോലീസിന്റെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടർന്നുള്ള അന്വേഷണം ചെന്നെത്തിയത് കർണാടകയിലാണ്.  ഇന്നലെ കർണാടകയിലെ റായ്ച്ചൂരിൽ നിന്നാണ് സൊഹൈൽ പാഷ അറസ്റ്റിലായത്.

"ഗാനരചയ്‌താവിന് ഇനി പാട്ടെഴുതാൻ പറ്റാത്ത അവസ്ഥയാകും. സൽമാൻ ഖാന് ധൈര്യമുണ്ടെങ്കിൽ അവനെ രക്ഷിക്കണം" എന്നായിരുന്നു ഭീഷണി സന്ദേശം. തന്റെ പാട്ടിന് പ്രശസ്‌തി ലഭിക്കണമെന്ന് കരുതിയാണ് സൊഹാലി പാഷ ഭീഷണിമുഴക്കിയതെന്നാണ് പൊലീസ് പറയുന്നത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സൊഹാലി പാഷയിലേക്കെത്തിയത്.

സന്ദേശം അയച്ച വാട്ട്സ്ആപ്പ് നമ്പരിന്റെ ഉടമയെതേടി പോലീസ് എത്തിയത് കർണാടകയിലെ റായ്ചൂരിലാണ്. വെങ്കടേഷ് നാരായണനെന്ന ആളുടെ പേരിലാണ് നമ്പരുണ്ടായിരുന്നത്. കർഷകനായ വെങ്കടേഷിന്റെ കൈയിൽ സാധാരണ കീപാഡ് ഫോണാണ് ഉള്ളതെന്ന് കണ്ട പോലീസ് അദ്ദേഹത്തെ വിശദമായി ചോദ്യംചെയ്തു.

നവംബർ മൂന്നിന് ചന്തയിൽവെച്ച് ഒരു ചെറുപ്പക്കാരൻ തന്റെ ഫോൺ വാങ്ങിയിരുന്നതായി മൊഴി നൽകി.  ഫോൺ പരിശോധിച്ചപ്പോൾ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുവേണ്ടിയുള്ള ഒടിപി മൊബൈലിൽ കണ്ടെത്തി. പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ സൊഹാലി പാഷയെ കണ്ടെത്തി പിടികൂടുകയായിരുന്നു.

ബിഷ്‌ണോയി സംഘത്തിൽ നിന്നും നിരവധി ഭീഷണികൾ സന്ദേശങ്ങൾ സൽമാൻ ഖാന് ലഭിച്ചിരുന്നു. ഏപ്രിലിൽ മുംബൈയിലെ വീടിന് പുറത്ത് വെടിവെയ്പ്പുണ്ടായതിനെ തുടർന്ന് സൽമാൻ ഖാന്രെ സുരക്ഷ എ പ്ലസ് കാറ്റഗറിയിലേക്ക് ഉയർത്തിയിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top