28 December Saturday

ഡൽഹി മലിനീകരണം ; ടൂറിസം– വ്യാപാര മേഖലയ്‌ക്ക്‌ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024


ന്യൂഡൽഹി
ഡൽഹിയിലെ വായു മലിനീകരണം സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളെ ഗുരുതരമായി ബാധിച്ചു. രാജ്യതലസ്ഥാനത്തേക്ക്‌ വിദേശ സഞ്ചാരികളുടെ വരവ്‌ കുറഞ്ഞു. വിനോദസഞ്ചാരികളുമായി വരേണ്ടിയിരുന്ന വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇന്ത്യയിൽ എത്തുന്നവർ ഡൽഹി ഒഴിവാക്കി മറ്റ്‌ ഭാഗങ്ങളിലേക്ക്‌ പോകുകയാണ്‌.

ഖാൻ മാർക്കറ്റ്‌, ജൻപഥ്‌ പോലുള്ള രാജ്യതലസ്ഥാനത്തെ പ്രശസ്‌തമായ വിപണികളിൽ അടക്കം മാന്ദ്യം പ്രകടമാണ്‌. വ്യാപാരത്തിൽ 20 ശതമാനം ഇടിവുണ്ടായെന്ന്‌ വാണിജ്യ സംഘടനകൾ പറയുന്നു. നവംബർ, ഡിസംബർ മാസങ്ങളിലാണ്‌ ഡൽഹി–-ആഗ്ര–-ജയ്‌പുർ സന്ദർശനത്തിനായി ഏറ്റവും കൂടുതൽ വിദേശസഞ്ചാരികൾ എത്തുന്നത്‌. ഏതാനും വർഷങ്ങളായി ഈ സമയത്ത്‌ ഡൽഹി വിഷപ്പുകയിലും പുകമഞ്ഞിലും അമരുകയാണ്‌. ഏറ്റവും വലിയ ആഘാതം ഏറ്റുവാങ്ങേണ്ടിവരിക ടൂറിസം മേഖലയായിരിക്കുമെന്ന്‌ അസോച്ചം(അസോസിയേറ്റഡ്‌ ചേംബർ ഓഫ്‌ കൊമേഴ്‌സ്‌ ആൻഡ്‌ ഇൻഡസ്‌ട്രി ഓഫ്‌ ഇന്ത്യ) മുന്നറിയിപ്പ്‌ നൽകിയിരുന്നു. ടൂർ ഓപ്പറേറ്റർമാരും ഹോട്ടൽ വ്യവസായികളും നൽകുന്ന വിവരങ്ങൾ ഇത്‌ ശരിവയ്‌ക്കുന്നു.

രാജ്യത്ത്‌ എത്തുന്ന വിദേശസഞ്ചാരികളിൽ 62 ശതമാനവും ഡൽഹി സന്ദർശിച്ചിരുന്നു. വായു മലീനീകരണത്തെക്കുറിച്ച്‌ രാജ്യാന്തര മാധ്യമങ്ങളിൽ വൻപ്രാധാന്യത്തോടെയാണ്‌ വാർത്തകൾ വരുന്നത്‌. ഡൽഹി നിവാസികളിൽ ഗണ്യമായ വിഭാഗം ശൈത്യകാലത്ത്‌ സ്ഥലം മാറിനിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന സർവെ റിപ്പോർട്ടുകളും വന്നു. കുട്ടികളിലും വയോധികരിലും വായുമലീനീകരണം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക്‌ കാരണമാകുന്നതായി ഡോക്ടർമാർ പറയുന്നു. കെടുതി ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്‌ എയർ പ്യൂരിഫയറുകൾ വാങ്ങാനോ അടച്ചുറപ്പുള്ള വീടുകളിൽ കഴിയാനോ സാധിക്കാത്തദരിദ്രരാണ്‌. പുറംജോലികൾ ചെയ്യുന്നവരും തെരുവ്‌ വ്യാപാരികളും ഇരകളാണ്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനവും താളംതെറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top