ന്യൂഡല്‍ഹി> കനത്ത മഴയിൽ ഡല്‍ഹി നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഗാസിപൂരില്‍ അമ്മയും കുഞ്ഞും മരിച്ചു. 22കാരിയായ തനൂജയും മൂന്ന് വയസ്സുള്ള മകന്‍ പ്രിയാന്‍ഷുമാണ് മുങ്ങിമരിച്ചത്.
വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ അങ്ങാടിച്ചന്തയിലേക്ക് പോയ ഇവര്‍ വെള്ളക്കെട്ടില്‍ അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു. ഖോഡ കോളനിക്ക് സമീപം റോഡരികില്‍ നിര്‍മാണത്തിലിരുന്ന ഓടയ്ക്ക് സമീപമായിരുന്നു അപകടം.
കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അത്യാവശ്യമില്ലെങ്കിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരാനും ജനലുകളും വാതിലുകളും അടച്ച് സുരക്ഷിതാകാനും നിര്‍ദേശമുണ്ട്.
ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡല്‍ഹി എന്‍സിആര്‍ (ദേശീയ തലസ്ഥാനമേഖല) മേഖലയില്‍ മഴ ശക്തമായത്. റോഡുകളിൽ വെള്ളം നിറഞ്ഞതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
ആഗസ്റ്റ് അഞ്ച് വരെ മഴ തുടരുമെന്ന് ഐഎംഡി പ്രവചിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..