21 November Thursday

തോന്നിയപോലെ 
അറസ്റ്റ്‌ പറ്റില്ല ; ഇഡിക്ക്‌ ഡൽഹി ഹൈക്കോടതി താക്കീത്‌

സ്വന്തം ലേഖകൻUpdated: Friday Oct 20, 2023


ന്യൂഡൽഹി
എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്‌ തോന്നിയതുപോലെ ആരെയും അറസ്റ്റ്‌ ചെയ്യാനാകില്ലെന്ന്‌ ഡൽഹി ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) 19–-ാം വകുപ്പ്‌ പ്രകാരമുള്ള അറസ്റ്റ്‌ ചെയ്യാനുള്ള അധികാരം പരിധിയില്ലാത്തതല്ലെന്നും ജസ്റ്റിസ്‌ അനുപ്‌ ജയ്‌റാം ഭംഭാനി തുറന്നടിച്ചു. ‘പിഎംഎൽഎ പ്രകാരം മൂന്നുകാര്യങ്ങൾ ഉറപ്പുവരുത്തിയശേഷമേ അറസ്റ്റിലേക്ക്‌ കടക്കാവൂ. അറസ്റ്റ്‌ ചെയ്യാൻ പോകുന്ന വ്യക്തി പിഎംഎൽഎ പ്രകാരമുള്ള കുറ്റകൃത്യം ചെയ്‌തെന്ന്‌ ഡയറക്ടർക്ക്‌ വസ്‌തുനിഷ്‌ഠമായ ഉറപ്പുണ്ടാകണം. ഉറപ്പിലേക്ക്‌ നയിച്ച കാരണങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. അറസ്റ്റിന് അടിസ്ഥാനമായ തെളിവുകളും രേഖകളും ഡയറക്ടറുടെ പക്കലുണ്ടായിരിക്കണം’–- ജഡ്‌ജി ചൂണ്ടിക്കാണിച്ചു.

പിഎംഎൽഎ  50–-ാം വകുപ്പ്‌ പ്രകാരം സമൻസ്‌ അയക്കാനുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ അധികാരത്തിൽ അറസ്റ്റ്‌ ചെയ്യാനുള്ള അധികാരം ഉൾപ്പെടുന്നില്ലെന്ന പ്രധാന നിരീക്ഷണവുമുണ്ടായി.  പിഎംഎൽഎ 19–-ാം വകുപ്പും 50–-ാം വകുപ്പും വ്യത്യസ്‌ത ഉദ്ദേശലക്ഷ്യങ്ങളുള്ളതാണെന്നും ഇരുവകുപ്പുകളിലെയും അധികാരങ്ങൾ കൂട്ടിക്കലർത്തരുതെന്നും കോടതി ഇഡി ഉദ്യോഗസ്ഥർക്ക്‌ മുന്നറിയിപ്പ്‌ നൽകി.

50–-ാം വകുപ്പ്‌ പ്രകാരം വ്യക്തികളെ വിളിച്ചുവരുത്തി അറസ്റ്റ്‌ ചെയ്‌താൽ അവർക്ക് നടപടി നിയമപരമായി ചോദ്യം ചെയ്യാനാകുമെന്നും കോടതി കൂട്ടിച്ചേർത്തു. ഇഡി സമൻസിനോട്‌ പ്രതികരിച്ചില്ലെന്നത്‌ അറസ്റ്റ്‌ ചെയ്യാനുള്ള കാരണമാകുന്നില്ലെന്ന്‌ സുപ്രീംകോടതിയും നേരത്തെ ഉത്തരവിട്ടിരുന്നു. ഹാജരാകാൻ നിർദേശിച്ച്‌ ഇഡി നോട്ടീസയച്ച  ആശിഷ്‌ മിത്തൽ അറസ്റ്റ്‌ ചെയ്യാൻ സാധ്യതയുള്ളതിനാൽ സമൻസിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഉത്തരവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top