04 December Wednesday

ഡൽഹി ജുമാ മസ്ജിദിലും അവകാശവാദം ; പടവുകൾക്കടിയിൽ വിഗ്രഹങ്ങളുണ്ടെന്ന
 പരാതിയുമായി ഹിന്ദുസേന

സ്വന്തം ലേഖകൻUpdated: Wednesday Dec 4, 2024


ന്യൂഡൽഹി
യുപി സംഭല്‍ ഷാഹി ജുമാ മസ്‌ജിദിനും രാജസ്ഥാനിലെ പ്രശസ്‌തമായ അജ്മീര്‍ ദര്‍ഗയ്‌ക്കും പിന്നാലെ ഡൽഹിയിലെ അതിപുരാതനമായ ജുമാ മസ്‌ജിദിലും അവകാശവാദമുന്നയിച്ച് സംഘപരിവാർ. മുഗൾ ചക്രവർത്തി ഷാജഹാന്റെ കാലത്ത് നിർമിച്ച ജുമാ മസ്‌ജിദിന്റെ പടവുകൾക്കടിയിൽ ഹിന്ദുക്ഷേത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും അവശിഷ്‌ടമുണ്ടെന്ന ആരോപണവുമായി ഹിന്ദുസേന രംഗത്തെത്തി. ജുമാ മസ്‌ജിദിൽ സർവേ നടത്തി ഇവ കണ്ടെത്തണം എന്നാവശ്യപ്പെട്ട്‌ ഹിന്ദുസേന തലവൻ വിഷ്‌ണു ഗുപ്‌ത ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ ഡയറക്‌ടർ ജനറലിന്‌ കത്തെഴുതി.

മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ കാലത്ത്‌ ജോധ്‌പുരിലെയും ഉദയ്‌പുരിലെയും നൂറുകണക്കിന്‌ ക്ഷേത്രങ്ങൾ തകർത്തെന്നും അവിശിഷ്‌ടങ്ങൾ   ജുമാ മസ്‌ജിദിന്റെ പടവുകൾക്കിടയിൽ ഇട്ടെന്നുമാണ്‌ ആരോപണം.  ഔറംഗസേബിനെക്കുറിച്ച് സാഖി മുസ്‌തൈദ് ഖാൻ എഴുതിയ മാസിർ–- ഇ –-ആലംഗിരി എന്ന പുസ്‌കത്തിൽ ക്ഷേത്രങ്ങൾ തകർത്തശേഷം അവശിഷ്‌ടങ്ങൾ കാളവണ്ടിയിൽ ഡൽഹിയിൽ എത്തിച്ചെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഗുപ്‌ത അവകാശപ്പെട്ടു.

രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ സ്ഥിതിചെയ്യുന്നത് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണെന്ന്‌ അവകാശപ്പെട്ട്‌ ഹർജി നൽകിയതും വിഷ്‌ണു ഗുപ്‌തയാണ്‌. ഹർജിയിൽ ന്യൂനപക്ഷ മന്ത്രാലയത്തിനും എഎസ്‌ഐക്കും ദർഗ കമ്മിറ്റിക്കും സിവിൽ കോടതി നോട്ടീസ്‌ അയച്ചു. സംഭല്‍ ഷാഹി ജുമാ മസ്‌ജിദിൽ സർവേക്കെതിരെ പ്രതിഷേധിച്ച അഞ്ച്‌ മുസ്ലിം യുവാക്കളെ പൊലീസ്‌ വെടിവച്ചു കൊന്നിരുന്നു. യുപി ബദൗനിലെ ഷംസി ഷാഹി മസ്‌ജിദ്‌ ക്ഷേത്രത്തിന്‌ മുകളിലാണെന്ന തീവ്രഹിന്ദുത്വവാദികളുടെ ഹര്‍ജിയും കോടതി പരിഗണനയിലാണ്‌. വാരാണസി ജ്ഞാൻവാപി, മഥുര ഷാഹി ഈദ്‌ഗാഹ്‌, മധ്യപ്രദേശിലെ കമൽ–-മൗല മസ്‌ജിദ്‌ തുടങ്ങിയവയിലും സംഘപരിവാർ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top