22 November Friday

ഡൽഹി– മുംബൈ അതിവേഗ പാതയിൽ വന്‍ ​ഗര്‍ത്തം, എലി തുരന്നതാണെന്ന് ഉദ്യോ​ഗസ്ഥന്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024


ന്യൂഡൽഹി
നിർമാണം പുരോഗമിക്കുന്ന ഡൽഹി–- മുംബൈ അതിവേഗ പാതയിൽ രൂപപ്പെട്ട വൻ ഗർത്തം എലി തുരന്നതാകാമെന്ന വിശദീകരണവുമായി ജീവനക്കാരൻ. കെസിസി ബിൽഡേഴ്‌സ്‌ എന്ന കമ്പനിയെയാണ്‌ ദേശീയപാത അതോറിറ്റി റോഡ്‌ നിർമാണത്തിന്‌ കരാർ ഏൽപ്പിച്ചത്‌. കമ്പനിയുടെ മെയിന്റനൻസ്‌ മാനേജരാണ്‌ റോഡിലെ കുഴിക്ക്‌ കാരണം എലി തുരന്നതാകാമെന്ന വിശദീകരണം നൽകിയത്‌. ഇത്‌ വൻ വിവാദമായതോടെ മെയിന്റനൻസ്‌ മാനേജരെ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു. പൈപ്പ് പൊട്ടി വെള്ളം ശക്തമായി ഒഴുകിയതാണ് റോഡ് തകരാന്‍ കാരണമെന്ന്‌ പ്രോജക്ട് ഡയറക്ടര്‍ പിന്നീട്‌ വ്യക്തമാക്കി.  1386 കിലോമീറ്റര്‍ നീളത്തിലാണ് ഡല്‍ഹി– മുംബൈ അതിവേഗപാത നിർമിക്കുന്നത്‌.

ഡൽഹിയിൽ 
നടുറോഡിൽ 15 അടി ഗർത്തം
ഡൽഹി ത്രിലോക്‌പുരിയിൽ റോഡിന്‌ നടുവിൽ 15 അടി താഴ്‌ചയുള്ള ഗർത്തം രൂപപ്പെട്ടു. കിഴക്കൻ ഡൽഹിയിലെ ബ്ലോക്ക്‌ 15ലാണ്‌ വ്യാഴാഴ്‌ച രാത്രി ഒമ്പതോടെ വലിയ ഗർത്തമുണ്ടായത്‌. ഗർത്തം കാണാൻ ആളുകൾ കൂടിയതോടെ പൊലീസ്‌ ബാരിക്കേഡുകൾ നിരത്തി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായുണ്ടായ മഴ കാരണമാകാം കുഴി രൂപപ്പെട്ടതെന്ന്‌ എഎപി എംഎൽഎ രോഹിത്‌കുമാർ മെഹ്‌റോളിയ പറഞ്ഞു.

റോഡ് കുഴിഞ്ഞ് ടാങ്കർ ലോറി  
താഴ്ന്നുപോയി
ടാങ്കർ ലോറി പുണെ റോഡിൽ പെട്ടെന്ന് രൂപപ്പെട്ട കുഴിയില്‍ വീണ് മിനിട്ടുകൾക്കകം അപ്രത്യക്ഷമായി.  സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ലോറി പൂർണമായും റോഡിൽ രൂപപ്പെട്ട കുഴിയിലെ ചെളിവെള്ളത്തിൽ താഴ്‌ന്നുപോയി. ഫയർഫോഴ്‌സ്‌ എത്തിയയാണ്‌ ടാങ്കർ പുറത്തെടുത്തത്‌. ആർക്കും പരിക്കില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top