ന്യൂഡൽഹി
ഡൽഹിയിലെ ഖരമാലിന്യനിർമാർജനം പരിതാപകരമായ അവസ്ഥയിലാണെന്ന് സുപ്രീംകോടതി. തലസ്ഥാനനഗരിയിൽ പ്രതിദിനം ഉണ്ടാകുന്നത് 11000 മെട്രിക് ടൺ ഖരമാലിന്യമാണ്. അതിൽ 8,000ത്തോളം ടൺ മാലിന്യം മാത്രം നിർമാർജനം ചെയ്യാനുള്ള സൗകര്യങ്ങളാണ് ഉള്ളത്. വൻതോതിൽ ഖരമാലിന്യം സംസ്‌ക്കരിക്കാതെ കിടക്കുന്നത് ആരോഗ്യ അടിയന്തരാവസ്ഥയ്‌ക്ക് കാരണമായേക്കുമെന്ന് ജസ്‌റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി.
പ്രശ്‌നപരിഹാരത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, ഡൽഹി സർക്കാർ, ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ യോഗം ചേർന്ന് കാര്യക്ഷമമായ പദ്ധതി രൂപീകരിക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി. പ്രതിദിനം 11000 മെട്രിക് ടൺ മാലിന്യം ഡൽഹിയിൽ ഉണ്ടാകുന്നുണ്ടെന്നും 2027 ഓടെ മാത്രമേ അത്രയും മാലിന്യം നിർമാർജനം ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ടാകുള്ളുവെന്നും മുൻസിപ്പൽ കോർപറേഷൻ സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ, വരും കാലങ്ങളിൽ മാലിന്യത്തിന്റെ തോത് വർധിക്കാൻ മാത്രമേ സാധ്യതയുള്ളുവെന്നും അത് ഫലപ്രദമായി നിർമാർജനം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഡൽഹിക്ക് അടുത്തുള്ള ഗുരുഗ്രാം, ഫരീദാബാദ്, ഗ്രേറ്റർനോയിഡ എന്നിവിടങ്ങിലും മാലിന്യനിർമാർജനം പരിതാപകരമായ അവസ്ഥയിലാണെന്നും കോടതി നിരീക്ഷിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..