ന്യൂഡൽഹി
രാജ്യതലസ്ഥാനത്ത് കൗമാരക്കാരുടെ വെടിയേറ്റ് ഡോക്ടർക്ക് ദാരുണാന്ത്യം.യുനാനി ഡോക്‌ടർ ജാവേദ് അക്തറാ(55)ണ് കൊല്ലപ്പെട്ടത്. വ്യാഴം പുലർച്ചെ 1.45നാണ് സംഭവം. കാളിന്ദി കുഞ്ജിലെ നിമ ആശുപത്രിയിൽ കാൽവിരലിലെ മുറിവ് കെട്ടിവയ്ക്കാനെന്നപേരിൽ എത്തിയ16ഉം 17ഉം വയസ്സുള്ളവരാണ് വെടിവെച്ചത്. മുറിവ് കെട്ടിവച്ചശേഷം കുറിപ്പടി ആവശ്യപ്പെട്ട് ഡോക്‌ടറുടെ ക്യാബിനിൽ കയറിയാണ് വെടിയുതിർത്തത്. തലയുടെ ഇടതുവശത്ത് വെടിയേറ്റ് ഡോക്‌ടർ തൽക്ഷണം മരിച്ചു.
ഒരു ദിവസംമുമ്പ് ഇരുവരും ആശുപത്രിയിൽ എത്തിയിരുന്നു. പ്രതികളെ പിടികൂടിയിട്ടില്ല. ഈ വർഷം മെയ് മുതൽ ജൂലൈവരെ 20 പേർ ഡൽഹിയിൽ തോക്കിനിരയായി. ആയുധം ഉപയോഗിച്ച കേസുകളിൽ 26 ശതമാനം വർധനവുണ്ടായി. ഡൽഹിയിൽ പൊലീസിന്റെ നിയന്ത്രണം കേന്ദ്രസർക്കാരിനാണ്. തൊഴിലിടത്തിൽ ഡോക്‌ടർ കൊല്ലപ്പെട്ടത് ക്രമസമാധാനത്തിന്റെ പരിപൂർണ തകർച്ചയാണെന്ന് ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. കുറ്റകൃത്യങ്ങൾ തടയുന്നതിൽ ലഫ്. ഗവർണർ വി കെ സക്‌സേനയും കേന്ദ്രസർക്കാരും പരാജയപ്പെട്ടുവെന്ന് എഎപി പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..