ന്യൂഡൽഹി> കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്‌തു കൊന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആഹ്വാനം ചെയ്‌ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്കിൽ രാജ്യത്തെ ആരോഗ്യമേഖല സ്‌തംഭിച്ചു. ശനിയാഴ്‌ച്ച രാവിലെ ആറ് മുതൽ അടിയന്തര പരിചരണം ഒഴിച്ചുള്ള സേവനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടുനിന്നു. പശ്‌ചിമബംഗാൾ, ഡൽഹി, തമിഴ്‌നാട്, കേരളം, ഗുജറാത്ത്, അസം, ഗോവ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, കർണാടകം, ചണ്ഡിഗഢ്, അരുണാചൽപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പണിമുടക്കി. അനിഷ്‌ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
പ്രക്ഷോഭത്തിന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയർ, ക്യാനഡ, യുകെ, ജർമനി, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രതിഷേധം ഉയർന്നു. ഡൽഹിയിൽ എയിംസ്, ആർഎംഎൽ, സഫ്‌ദർജംഗ് ആശുപത്രികളിൽ പണിമുടക്കിയ ഡോക്ടർമാർ പ്രകടനം നടത്തി. ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി മുൻകൈ എടുക്കണമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. ആർ വി അശോകൻ ആവശ്യപ്പെട്ടു. നേരത്തെ, ഐഎംഎ ഭാരവാഹികൾ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ചർച്ച നടത്തിയിരുന്നു.
സംസ്ഥാനത്ത് പൂർണം
ഡോക്ടർമാർ നടത്തിയ പണിമുടക്ക് സംസ്ഥാനത്തും പൂർണം. ഐഎംഎയുടെ ആഹ്വാനം പ്രകാരം രാവിലെ ആറുമുതൽ ഞായർ രാവിലെ ആറുവരെയായിരുന്നു പണിമുടക്ക്. കെജിഎംഒഎ, കെജിഎംസിടിഎ നേതൃത്വത്തിൽ നടന്ന ധർണയിൽ സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാരും വിദ്യാർഥികളും പങ്കെടുത്തു. പണിമുടക്കിൽനിന്ന് ഒഴിവാക്കിയ വയനാട് ജില്ലയിൽ കറുത്തബാഡ്‌ജ് ധരിച്ചാണ് ഡോക്ടർമാർ ഡ്യൂട്ടിക്കെത്തിയത്.
ഒപിയും മുൻകൂട്ടി നിശ്‌ചയിച്ച ശസ്‌ത്രക്രിയകളും ബഹിഷ്‌കരിച്ചത് രോഗികൾക്ക് പ്രയാസമുണ്ടാക്കി. സമരം അറിയാതെ സർക്കാർ ആശുപത്രി ഒപിയിലെത്തിയവർ അത്യാഹിതവിഭാഗത്തെയാണ് ആശ്രയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..