28 December Saturday

മന്‍മോഹന്‍ സിങ്ങിന് ഇന്ന് വിട നൽകും ; അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം

സ്വന്തം ലേഖകൻUpdated: Saturday Dec 28, 2024

മോത്തിലാൽ നെഹ്‌റു റോഡിലെ വസതിയിൽ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മൃതദേഹത്തില്‍ 
രാഷ്ട്രപതി ദ്രൗപദി മുര്‍മു പുഷ്പചക്രം അര്‍പ്പിക്കുന്നു


ന്യൂഡൽഹി
അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് വിട നൽകാനൊരുങ്ങി രാജ്യം. ശനി പകൽ 8.30 മുതൽ 9.30 വരെ അക്‌ബർ റോഡിലെ കോൺഗ്രസ്‌ ആസ്ഥാനത്ത്‌ പൊതുദർശനത്തിന്‌ ശേഷം മൃതദേഹം വിലാപയാത്രയായി നിഗംബോധ്‌ ഘട്ടിലേക്ക്‌ കൊണ്ടുപോകും. പകൽ 11.45 ന്‌ പൂർണ ദേശീയബഹുമതികളോടെ സംസ്‌കാരം.  
അതേസമയം, ശക്തിസ്ഥലിൽ  ഇന്ദിരാ ഗാന്ധി, രാജീവ്‌ ഗാന്ധി, ലാൽബഹാദൂർ ശാസ്‌ത്രി തുടങ്ങിയ മുൻ പ്രധാനമന്ത്രിമാർക്ക്‌  സ്‌മാരകങ്ങളുള്ളത്‌ പോലെ മൻമോഹൻ സിങ്ങിനും സ്‌മാരകമൊരുക്കാൻ പ്രത്യേകസ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക്‌ കത്ത്‌ നൽകി. കേന്ദ്രസർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മോത്തിലാൽ നെഹ്‌റു റോഡിലെ വസതിയിൽ പൊതുദര്‍ശനത്തിനുവച്ച മൻമോഹൻ സിങ്ങിന്റെ മൃതദേഹത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ്‌ നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും കോഓർഡിനേറ്ററുമായ പ്രകാശ്‌ കാരാട്ട്‌ അന്ത്യാഞ്‌ജലി അർപ്പിച്ചു. ഇടതുപക്ഷം പിന്തുണച്ചതും എതിർത്തതുമായ പദ്ധതികൾ മൻമോഹൻ സിങ് നടപ്പാക്കിയെങ്കിലും രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ  ആത്മാർഥതയും അർപ്പണബോധവും ചോദ്യംചെയ്യാനാകില്ലെന്ന്‌ അദ്ദേഹം അനുസ്‌മരിച്ചു.

ജനുവരി 1 വരെ ദുഃഖാചരണം
രാജ്യത്തിന്‌ നഷ്ടപ്പെട്ടത്‌ മികച്ച രാഷ്ട്രതന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്‌ധനെയുമാണെന്ന്‌ കേന്ദ്രമന്ത്രിസഭായോഗം അനുശോചനക്കുറിപ്പിൽ പറഞ്ഞു. ജനുവരി ഒന്ന്‌ വരെ ഒരാഴ്‌ച ദുഃഖാചരണം പ്രഖ്യാപിച്ചു. ശനിയാഴ്‌ച കേന്ദ്ര, പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ അര്‍ധദിന അവധി നൽകി. രാജ്യത്തിനകത്തും പുറത്തുമുള്ള സർക്കാർ സ്ഥാപനങ്ങളിലെ ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും. രാഷ്ട്രപതി ഭവനിൽ ശനിയാഴ്‌ചത്തെ ചേഞ്ച് ഓഫ്‌  ​ഗാര്‍ഡ് സെറിമണി മാറ്റിവച്ചു. സംസ്ഥാനത്ത്‌ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി പൊതുഭരണവകുപ്പ്‌ ഉത്തരവിറക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top