ന്യൂഡൽഹി > ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി സുപ്രീംകോടതി. വിടുതൽ ഹർജി ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രതിയുടെ ജാമ്യപേക്ഷയിൽ സംസ്ഥാനത്തിന് നോട്ടീസ് നൽകിയ സുപ്രീംകോടതി വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും പറഞ്ഞു. ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിടുതൽ ഹർജി തള്ളിയത്. പ്രതി സന്ദീപിനായി അഭിഭാഷകൻ ബി എ ആളൂർ ഹാജരായി.
2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. അത്യാഹിത വിഭാഗത്തിൽ വച്ച് ഡോ. വന്ദനയെ സന്ദീപ് ആക്രമിക്കുകയായിരുന്നു. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദന ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..