ന്യൂഡൽഹി > ഡ്രഡ്‌ജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ അന്വേഷണം പൂർത്തിയാക്കാൻ രണ്ട് മാസം കൂടി സമയം അനുവദിച്ച് സുപ്രീംകോടതി. സംസ്ഥാന സർക്കാർ മുദ്രവെച്ച കവറിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷം അന്വേഷണം പൂർത്തിയാക്കാൻ കോടതി കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. കേസ് നവംബർ രണ്ടാംവാരം സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഡ്രഡ്‌ജർ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് സംസ്ഥാന സർക്കാർ നേരത്തെ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. ജസ്‌റ്റിസ് അഭയ് എസ് ഓഖ, ജസ്‌റ്റിസ് അഗസ്‌റ്റിൻ ജോർജ് മാസിഹ് എന്നിവർ അംഗങ്ങളായ ബെഞ്ച് ഈ റിപ്പോർട്ട് പരിശോധിച്ചു. ഇതിനുശേഷമാണ് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ചത്.
ഡ്രഡ്‌ജർ അഴിമതിക്കേസിൽ കൂട്ടുപ്രതിയായ ഡച്ച് കമ്പനിയുടെ വിവരങ്ങൾ ലഭിക്കാൻ വേണ്ടി അന്വേഷണസംഘം കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. വിവരങ്ങൾ ലഭിക്കാൻ വേണ്ടി ആഭ്യന്തരമന്ത്രാലയത്തിന് ലെറ്റർ റോഗടറിയും നൽകിയിരുന്നു. എന്നാൽ, അപേക്ഷയിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും മറുപടി ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജും സ്‌റ്റാൻഡിങ് കൗൺസൽ ഹർഷദ് വി ഹമീദും ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..