ചെന്നൈ > തമിഴ്‌നാട് മുൻ ഡിജിപിയുടെ മകൻ കൊക്കെയ്ൻ കടത്തിയ കേസിൽ അറസ്റ്റിൽ. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എ രവീന്ദ്രനാഥിന്റെ മകൻ ഷേണായി നഗർ സ്വദേശി അരുൺ രവീന്ദ്രനാഥാണ് (40) പിടിയിലായത്. ഇന്നലെ നന്ദമ്പാക്കത്ത് നിന്നാണ് ഇയാൾ ഗ്രേറ്റർ ചെന്നൈ പൊലീസിന്റെ (ജിസിപി) പിടിയിലായത്. അരുണിനൊപ്പം രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു.
കൊക്കെയ്ൻ കൈവശം വെച്ചതിനും വിപണനം നടത്തിയതിനുമാണ് ആർ അരുണിനെ അറസ്റ്റ് ചെയ്തത്. അരുണിന്റെ സുഹൃത്ത് മുടിച്ചൂർ സ്വദേശി എസ് മഗല്ലൻ (42), നൈജീരിയൻ പൗരൻ ജോൺ ഈഴ (39) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 3.8 ഗ്രാം ഭാരമുള്ള കൊക്കെയിനും 1.02 ലക്ഷം രൂപയും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
ഇന്നലെ മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ചെന്നൈയിലെ ആലന്തൂർ മെട്രോ സ്റ്റേഷനിലെ കാർ പാർക്കിംഗ് ഏരിയയിൽ നിന്ന് പ്രത്യേക സംഘം പ്രതികളെ പിടികൂടുകയായിരുന്നു. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻ്റ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ട് പ്രകാരം പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..