23 December Monday

4 മരുന്ന് വ്യാജം, 
45 എണ്ണത്തിന് നിലവാരമില്ല ; 3000 മരുന്ന് പരിശോധിച്ചതിൽ 49 എണ്ണം 
വിപണിയിൽനിന്ന്‌ തിരിച്ചുവിളിച്ചു

സ്വന്തം ലേഖകൻUpdated: Monday Oct 28, 2024


ന്യൂഡൽഹി
പ്രചാരമുള്ള കാൽസ്യം സപ്ലിമെന്റായ ഷെൽക്കാൾ 500ന്റെ അടക്കം നാലു വ്യാജ മരുന്ന് കണ്ടെത്തി കേന്ദ്ര ഡ്രഗ് റെഗുലേറ്ററി അതോറിറ്റി.  45 മരുന്ന് ഗുണനിലവാര പരിശോധനയിലും പരാജയപ്പെട്ടു. ഷെൽക്കാളിന്‌ പുറമേ പാൻ–-ഡി, യൂറിമാക്‌സ്‌ ഡി, ഓസ്റ്റിയോപൊറോസിസിനുള്ള ഡെക്കാ-ഡുറാബോലിൻ 25 എന്നിവയുടെയും വ്യാജ മരുന്നാണ് കണ്ടെത്തിയത്‌. 3000 മരുന്ന് പരിശോധിച്ചതിൽ 49 എണ്ണം വിപണിയിൽ നിന്ന്‌ തിരിച്ചുവിളിച്ചുവെന്ന്‌ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. രാജീവ് സിങ്‌ രഘുവംശി പറഞ്ഞു. ഓസ്റ്റിയോ ആർത്രൈറ്റിസ്, നെഞ്ചെരിച്ചിൽ, ബാക്ടീരിയ മൂലമുള്ള അണുബാധ തുടങ്ങിയ്ക്കുള്ള മരുന്നുകളാണ്‌ ഭൂരിഭാഗവും. ഈ മരുന്നുകൾ തങ്ങളല്ല നിര്‍മിച്ചതെന്നാണ് കമ്പനികളുടെ വാദം.

ഇന്നോവ ക്യാപ്‌റ്റാബ് ലിമിറ്റഡ്‌ നിർമിച്ച നിമെസുലൈഡ്, പാരസെറ്റമോൾ ഗുളികകൾ, ആൽകെം ഹെൽത്ത്‌ നിർമിച്ച പാന്റോ പ്രസോൾ ഗ്യാസ്‌ട്രോ -റെസിസ്റ്റന്റ്‌ ഗുളികകൾ, അരിസ്റ്റോ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച സെഫ്‌പോഡോക്‌സൈം ഗുളികകൾ തുടങ്ങിയ ജനപ്രിയ മരുന്നുകളും നിലവാര പരിശോധനയിൽ പരാജയപ്പെട്ടു. കഴിഞ്ഞ മാസത്തെ പരിശോധനയിൽ പരാജയപ്പെട്ട 54 മരുന്ന് സമാനമായി തിരിച്ചുവിളിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top