ലഖിംപൂർ ഖേരി > നാൽപ്പത് വർഷങ്ങൾക്ക് ശേഷം ദുധ്വ ദേശീയ ഉദ്യാനത്തിലെ ആദ്യത്തെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തെ വനത്തിലേക്ക് തുറന്നുവിട്ടു. വ്യാഴാഴ്ചയാണ് രഘു എന്ന ആൺ കാണ്ടാമൃഗത്തിനെ കാട്ടിലേക്ക് വിട്ടതെന്ന് ദുധ്വ ടൈഗർ റിസർവ്(ഡിടിആർ)ഫീൽഡ് ഡയറക്ടർ ലളിത് വർമ പറഞ്ഞു.
ജീവിവർഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള പാർക്കിന്റെ ശ്രമങ്ങളിലെ സുപ്രധാന ചുവടുവെപ്പാണ് ഇതെന്ന് ലളിത് വർമ പിടിഐയോട് പറഞ്ഞു. സുപ്രീംകോടതി വിദഗ്ധരുടെ വിപുലമായ വിലയിരുത്തലിന് ശേഷം മോചിപ്പിക്കാനായി തെരഞ്ഞെടുത്ത നാല് കാണ്ടാമൃഗങ്ങളിൽ ഒന്നാണ് രഘു. രഘുവിനെ കൂടാതെ മൂന്ന് പെൺ കാണ്ടാമൃഗങ്ങളെക്കൂടി മോചിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
അസമിലെ കാസിരംഗയിൽ നിന്നുള്ള കാണ്ടാമൃഗ വിദഗ്ധരുടെയും വേൾഡ് വൈഡ് ഫണ്ട്-ഇന്ത്യയുടെയും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (ഡബ്ല്യുടിഐ) വിദഗ്ധരുടെയും സൂക്ഷ്മമായ വിലയിരുത്തലുകളെ തുടർന്നാണ് മോചനം എന്ന് ലളിത് വർമ പറഞ്ഞു. പത്തോളം കാണ്ടാമൃഗങ്ങളുടെ പെരുമാറ്റം, ആരോഗ്യം, മൊത്തത്തിലുള്ള അവസ്ഥ എന്നിവയെക്കുറിച്ച് വിദഗ്ധർ പഠിച്ചതിനുശേഷമാണ് രഘുവിനെയും മറ്റുള്ള മൂന്നുപേരെയും റിലീസിന് തെരഞ്ഞെടുത്തതെന്ന് ഫീൽഡ് ഡയറക്ടർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..