30 November Saturday
വോട്ടുകണക്കില്‍
 പൊരുത്തക്കേടെന്ന് 
പരകാല പ്രഭാകര്‍

ഷിൻഡെ ‘പിണങ്ങി’ പോയി ; മഹായുതി യോഗം മുടങ്ങി

സ്വന്തം ലേഖകൻUpdated: Saturday Nov 30, 2024


ന്യൂഡൽഹി
മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി സഖ്യത്തിൽ കൂട്ടക്കുഴപ്പം. കാവൽ മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ സത്താറയിലെ ദാരെ ഗ്രാമത്തിലെ വീട്ടിലേയ്‌ക്ക്‌ പോയതോടെ വെള്ളിയാഴ്‌ച മുംബൈയിൽ തീരുമാനിച്ചിരുന്ന മഹായുതി നേതാക്കളുടെ യോഗം മുടങ്ങി. അതൃപ്‌തി പ്രകടമാക്കാനുള്ള നീക്കമാണ്‌ ഷിൻഡെ നടത്തിയതെന്നാണ്‌ വിവരം.

വ്യാഴാഴ്‌ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായുള്ള യോഗത്തിൽ അന്തിമ തീരുമാനത്തിൽ എത്താനായിരുന്നില്ല. ഇതോടെയാണ്‌ ഷിൻഡെ, ദേവേന്ദ്ര ഫഡ്‌നവിസ്‌, അജിത്‌ പവാർ എന്നിവർ വെള്ളിയാഴ്‌ച മുംബൈയിൽ യോഗം ചേരുമെന്ന അറിയിപ്പ്‌ വന്നത്‌. ഇതോടെ ഡിസംബർ അഞ്ചിന്‌ മുമ്പ്‌ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ നടത്താനുള്ള ശ്രമം വിജയിച്ചേക്കില്ല.  മന്ത്രിസ്ഥാനം പങ്കുവയ്‌ക്കുന്നതിലും സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്‌ചയാണ്‌ ഇനി യോഗം.

ഷിൻഡെയ്‌ക്ക്‌ പനി ആയതിനാലാണ്‌ വീട്ടിലേക്ക്‌ പോയതെന്ന്‌ ശിവസേന നേതാവ്‌ ഉദയ്‌ സാമന്ത്‌ അവകാശപ്പെട്ടു. അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ വിട്ടുവെങ്കിലും ബിഹാറിൽ നീതീഷ്‌ കുമാറിന്‌ നൽകിയപോലെ വീണ്ടും തന്നെ  മുഖ്യമന്ത്രിയാക്കുമെന്ന പ്രതീക്ഷയാണ്‌ ഷിൻഡെയ്‌ക്കുള്ളത്‌. അമിത്‌ ഷാ, ബിജെപി പ്രസിഡന്റ്‌ ജെ പി നദ്ദ എന്നിവരുമായുള്ള ചർച്ച ഗുണപരമായിരുന്നുവെന്നും ഷിൻഡെ വെള്ളിയാഴ്‌ച രാവിലെ പ്രതികരിച്ചിരുന്നു. കേന്ദ്രമന്ത്രിയാക്കാമെന്ന ബിജെപി നിർദേശം ഷിൻഡെ സ്വീകരിച്ചിട്ടില്ല. ഉപമുഖ്യമന്ത്രിയാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. അതിനിടെ, ഫഡ്‌നവിസിന്‌ പകരം പുതുമുഖത്തെ ബിജെപി മുഖ്യമന്ത്രിപദത്തിൽ അവരോധിക്കുമെന്ന അഭ്യൂഹവുമുണ്ട്‌.

വോട്ടിങ്‌ യന്ത്രത്തെ പഴിക്കേണ്ടെന്ന്‌ 
കോൺഗ്രസിൽ 
ഒരു വിഭാഗം
ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ്‌ തോൽവിക്ക്‌ വോട്ടിങ്‌ യന്ത്രങ്ങളെ പഴിക്കുന്നതിനോട്‌ കോൺഗ്രസിനുള്ളിൽ തന്നെ വിമർശം ശക്തം. മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ ആഭ്യന്തര സർവേയിൽ തിരിച്ചടിയുടെ സൂചന ലഭിച്ചിരുന്നു. എന്നാൽ കേന്ദ്ര–- സംസ്ഥാന നേതൃത്വം ആ മുന്നറിയിപ്പ്‌ ഗൗരവത്തിലെടുത്തില്ലെന്നാണ്‌ ഒരു വിഭാഗം നേതാക്കൾ ആക്ഷേപിക്കുന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ഉൾപ്പെടുന്ന മഹാവികാസ്‌ അഘാഡി കൂട്ടുക്കെട്ട്‌ നേട്ടമുണ്ടാക്കിയ 103 നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. 44 സീറ്റിൽ മാത്രമാകും മികവ്‌ തുടരാനാവുക എന്നായിരുന്നു സർവേഫലം. 59 സീറ്റിൽ എൻഡിഎ സഖ്യം മുന്നിൽ. എന്നിട്ടും തിരുത്തൽ നടപടി ഉണ്ടായില്ല.      വനിതകൾക്ക്‌ പ്രതിമാസം 1500 രൂപ നൽകുന്ന ലഡ്‌ക്കി ബഹിൻ യോജന വോട്ടർമാരിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന്‌ സർവേയിൽ കണ്ടെത്തി. പദ്ധതിയെ കുറിച്ച്‌ 88 ശതമാനം പേരും നല്ല അഭിപ്രായം പറഞ്ഞു. ഇതിനൊന്നും ബദൽ മുന്നോട്ടുവയ്‌ക്കാനാകാതെ പോയതാണ്‌ ദയനീയ തോൽവിക്ക്‌ കാരണമെന്ന അഭിപ്രായം കോൺഗ്രസിൽ ശക്തിപ്പെടുകയാണ്‌.

വോട്ടുകണക്കില്‍
 പൊരുത്തക്കേടെന്ന് 
പരകാല പ്രഭാകര്‍
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിട്ട  കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകര്‍. ഔദ്യോ​ഗിക പോളിങ് സമയം കഴിഞ്ഞ്  വോട്ടുകളിൽ 7.83 ശതമാനത്തോളം വര്‍ധനയുണ്ടായതായും  76 ലക്ഷത്തോളം വോട്ടാണ് അധികമായി വന്നതെന്നും ​ദി വയറിന് നൽകിയ അഭിമുഖത്തിൽ പരകാല പ്രഭാകര്‍ പറഞ്ഞു. വോട്ടെടുപ്പ് നടന്ന 20ന് വൈകിട്ട് 5ന് തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിട്ടകണക്കുപ്രകാരം  58.22 ശതമാനമായിരുന്നു പോളിങ്. ( 5,64,88,024 വോട്ട്). അന്ന് രാത്രി 11.30ന് പോളിങ് ശതമാനം 65.02 ശതമാനമായി ഉയര്‍ന്നു.(  6,30,85,732 വോട്ട്). വൈകിട്ട് 5നും രാത്രി 11.30നും ഇടയില്‍ കൂടിയത് 65,97,708 വോട്ടാണ്. 23ന് വോട്ട് എണ്ണുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പോളിങ് ശതമാനം 66.05 ശതമാനമായി ഉയര്‍ന്നു. പത്തുലക്ഷത്തോളം വോട്ടിന്റെ വര്‍ധനവുണ്ടായി.   20ന് വൈകിട്ട് 5 മുതൽ രാത്രി 11.30 വരെയും വോട്ടെണ്ണലിന് മണിക്കൂറുകള്‍ക്ക് മുമ്പുമായി  ആകെ 75,97,067 വോട്ടാണ് അധികമായി വന്നത്. അന്തിമകണക്കിൽ ഒരു ശതമാനത്തോളം വ്യത്യാസം സ്വാഭാവികമാണ്. എന്നാൽ ഇത്രയും വര്‍ധന അസാധാരണമാണ്. അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top