ന്യൂഡൽഹി> ഹരിയാനയിലെയും ജമ്മു കശ്‌മീരിലെയും മോശം പ്രകടനത്തിൽനിന്ന് പാഠം പഠിക്കാത്ത കോൺഗ്രസ് ജാർഖണ്ഡിലും സീറ്റ് വിലപേശൽ നടത്തി ഇന്ത്യ കൂട്ടായ്‌മയെ ദുർബലപ്പെടുത്തുന്നതായി വിമർശം. 70 സീറ്റിൽ ജെഎംഎമ്മും കോൺഗ്രസും മത്സരിക്കാനാണ് ധാരണ. ആർജെഡിക്കും ഇടതുപക്ഷ പാർടികൾക്കുമായി വിട്ടുനൽകിയത് 11 സീറ്റാണ്. സംസ്ഥാനത്ത് കൂട്ടായ്‌മയെ നയിക്കുന്ന ജെഎംഎം 27 സീറ്റ് കോൺഗ്രസിന് വിട്ടുനൽകാൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.
ഇത് അംഗീകരിക്കാനാകില്ലെന്നും കൂടുതൽ സീറ്റ് വേണമെന്നും ആർജെഡിയും സിപിഐ എംഎല്ലും ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ ജെഎംഎമ്മും കോൺഗ്രസും ആർജെഡിയും സഖ്യമായി മത്സരിച്ചപ്പോൾ ഇടതുപക്ഷം വേറിട്ടാണ് മത്സരിച്ചത്. 43 സീറ്റിൽ മത്സരിച്ച ജെഎംഎം 30 സീറ്റിൽ ജയിച്ചപ്പോൾ 31 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 16 സീറ്റിലാണ് ജയിച്ചത്. ആർജെഡിയും സിപിഐ എംഎല്ലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഓരോ സീറ്റിലും ജയിച്ചു.
ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് രാജ്യസഭാംഗവും ആർജെഡി നേതാവുമായ മനോജ് ഝാ പറഞ്ഞു. 18 സീറ്റിൽ ആർജെഡിക്ക് കാര്യമായ സ്വാധീനമുണ്ട്. ജെഎംഎമ്മും കോൺഗ്രസും നിലപാട് തിരുത്തണം–- ഝാ ആവശ്യപ്പെട്ടു. ജെഎംഎം–- കോൺഗ്രസ് തീരുമാനത്തിൽ സിപിഐ എംഎല്ലും അതൃപ്‌തി പ്രകടമാക്കി.
ഏകപക്ഷീയമായ സീറ്റുപ്രഖ്യാപനം മുന്നണി രാഷ്ട്രീയത്തിന്റെ മര്യാദകളുടെ ലംഘനമാണെന്ന് സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും തീരുമാനത്തോട് വിയോജിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..