22 November Friday

എൽ​ഗാർ പരിഷത് കേസ്: ഏഴ് കുറ്റാരോപിതരും ജയിലിൽ നിരാഹാരത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

മുംബൈ> വിചാരണയ്ക്കായി കോടതിയിൽ നേരിട്ട് ഹാജരാക്കാത്തതിൽ പ്രതിഷേധിച്ച് എൽ​ഗാർ പരിഷത് കേസിലെ കുറ്റാരോപിതരായ മനുഷ്യാവകാശ പ്രവർത്തകർ നവി മുംബൈയിലെ തലോജ ജയിലിൽ നിരാഹാര സമരത്തിൽ. ഉത്സവങ്ങൾ, തെരഞ്ഞെടുപ്പ്, വിഐപികളുടെ സന്ദർശനം എന്നിവ കാരണം  എസ്‍കോട്ടുപോകാൻ ആളില്ലെന്ന് പറഞ്ഞാണ് പൊലീസ് ദക്ഷിണ മുംബൈയിലെ എൻഐഎ കോടതിയിൽ ഇവരെ ഹാജരാക്കാത്തത്. സാങ്കേതിക പ്രശ്നം കാരണം വീഡിയോ കോൺ​ഫറൻസിങ്ങും നടന്നില്ല.

ആക്ടിവിസ്റ്റുകളും മനുഷ്യാവകാശപ്രവർത്തകരുമായ ​സാ​ഗർ ​ഗോർഖെ, സുധീർ ധാവളെ, സുരേന്ദ്ര ​ഗാഡ്‍ലിങ്, റോണ വിൽസൺ, രമേഷ് ​​ഗായിച്ചർ, മഹേഷ് റാവത്ത്, ഡൽഹി സർവകലാശാല അധ്യാപകനായ ഹാനി ബാബു എന്നിവരാണ് സമരം തുടങ്ങിയത്. കഴിഞ്ഞ മൂന്ന് തവണയും വീഡിയോ കോൺഫറൻസിലൂടെയാണ് ഹാജരാക്കിയത്. ഇക്കുറി നേരിട്ട് ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ബൈക്കുള വനിതാ ജയിലിലുള്ള ജ്യോതി ജ​ഗ്തപിനെ മാത്രമാണ് ഹാജരാക്കിയത്.

ഭീമ കൊറേ​ഗാവ് സംഘർ‌ഷത്തിലേക്ക് നയിച്ചത് പുണെയിൽ 2017 ഡിസംബർ 31ന് നടന്ന സമ്മേളനത്തിലെ പ്രകോപനപരമായ പ്രസം​ഗങ്ങളാണെന്നാണ് കേസ്.  മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ്  മനുഷ്യാവകാശ പ്രവർത്തകരും ആക്ടിവിസ്റ്റികളും അക്കാദമിക് വിദ​ഗ്ധരുമടക്കം 16 പേരെ യുഎപിഎ ചുമത്തി അറസ്റ്റുചെയ്തത്. ​ഗൗതം നവലാഖ, സുധ ഭരദ്വാജ് തുടങ്ങി ഏഴുപേർക്ക് ജാമ്യം ലഭിച്ചിരുന്നു. പ്രതി സ്റ്റാൻസ്വാമി ചികിത്സയിലിരിക്കെ മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top