മുംബൈ > ജോലി സമ്മർദ്ദം മൂലം മലയാളി യുവതി മരിച്ച സംഭവത്തിൽ ഇവൈ കമ്പനി പ്രവർത്തിച്ചിരുന്നത് രജിസ്ട്രേഷനില്ലാതെയെന്ന് റിപ്പോർട്ട്. 2007 മുതൽ സർക്കാരിന്റെ രജിസ്ട്രേഷൻ ഇല്ലാതെയാണ് കമ്പനി പ്രവർത്തിച്ചിരുന്നതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷൻ കമ്പനിക്ക് ഇല്ലെന്നാണ് റിപ്പോർട്ട്. നിയമപ്രകാരം ജീവനക്കാരെ ദിവസത്തിൽ പരമാവധി ഒമ്പത് മണിക്കൂർ സമയവും ആഴ്ചയിൽ 48 മണിക്കൂറും മാത്രമേ പണിയെടുപ്പിക്കാവൂ. 2024 ഫെബ്രുവരിയിലാണ് കമ്പനി രജിസ്ട്രേഷനായി തൊഴിൽ വകുപ്പിനെ സമീപിക്കുന്നത്. എന്നാൽ 2007 മുതൽ രജിസ്ട്രേഷൻ നടത്തിയിട്ടില്ലെന്ന കാരണത്താൽ അപേക്ഷ തള്ളുകയായിരുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ജോലിസമ്മർദ്ദത്തെ തുടർന്ന് മലയാളിയായ ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്‌റ്റ്യൻ മരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഏണ്‍സ്റ്റ് ആൻഡ് യങ് ഇന്ത്യയിലെ (ഇവൈ) പുണെ ഓഫീസിലാണ് അന്ന ജോലി ചെയ്തിരുന്നത്. അമിത ജോലിഭാരംമൂലമാണ് അന്ന മരിച്ചതെന്നു കാണിച്ച് അന്നയുടെ അമ്മ ഇവൈ ഇന്ത്യ ചെയർമാൻ രാജീവ് മേമനിക്ക് കത്തെഴുതിയതോടെയാണ് വിഷയം പുറത്തുവന്നത്. ജൂലൈ 20നാണ് അന്ന താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..