ന്യൂഡൽഹി > ഉയർന്ന പിഎഫ് പെൻഷൻ ഉറപ്പാക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കുന്ന കേന്ദ്രസർക്കാർ നിലപാടിൽ ഇപിഎഫ്‌ഒ കേന്ദ്ര ട്രസ്‌റ്റ് ബോർഡ് യോഗത്തിൽ വൻ പ്രതിഷേധം. ഉയർന്ന പെൻഷന് വേണ്ടി 17.5 ലക്ഷം അപേക്ഷകളാണുള്ളത്. ഇതിൽ 14 ലക്ഷം ഇപിഎഫ്‌ഒയുടെ പക്കലും മൂന്ന് ലക്ഷത്തിലേറെ തൊഴിലുടമകളുടെ പക്കലുമാണുള്ളത്. 16,000ത്തോളം പേർക്ക് മാത്രമാണ് പെൻഷൻ പേമെന്റ് ഓർഡർ അയച്ചിട്ടുള്ളത്.
വിധി വന്ന് രണ്ട് വർഷത്തിലേറെ കഴിഞ്ഞിട്ടും സാങ്കേതികത്വത്തിന്റെ പേരിൽ പെൻഷൻ വൈകിപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ട്രസ്‌റ്റ് ബോർഡിലെ സിഐടിയു പ്രതിനിധി ആർ കരുമാലയൻ ചൂണ്ടിക്കാട്ടി. ഇനിയും വൈകിപ്പിച്ചാൽ കേന്ദ്രസർക്കാരും ഇപിഎഫ്‌ഒയും കോടതിഅലക്ഷ്യനടപടികളുമായി കോടതി കയറിഇറങ്ങേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ലക്ഷകണക്കിന് അപേക്ഷകൾ തീർപ്പാക്കുന്നതിനുള്ള സ്വാഭാവിക കാലതാമസമാണ് ഉണ്ടാവുന്നതെന്നാണ് യോഗത്തിൽ അധ്യക്ഷനായ തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യയും ഇപിഎഫ്‌ഒ പ്രതിനിധികളും പ്രതികരിച്ചത്. വിധി നടപ്പാക്കണമെന്നാണ് നിലപാടെന്നും ജീവനക്കാരുടെ അഭാവവും സോഫ്‌റ്റ്‌വെയറിലെ പ്രശ്‌നങ്ങളുമാണ് നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.
പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനായി ഇപിഎഫ്‌ഒയുടെ ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും നവീകരിക്കുമെന്നും അറിയിച്ചു. മിനിമം പെൻഷൻ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം, പെൻഷനുള്ള നിയമപരമായ വേതനപരിധി ഉയർത്തണം, അർഹതയുള്ള എല്ലാവർക്കും ഉയർന്ന പെൻഷൻ എത്രയും വേഗം വിതരണം ചെയ്യണം–- തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..