21 December Saturday

വാൻസിന്റെ വിജയം ആഘോഷമാക്കി ഉഷയുടെ ​ഗ്രാമം; ആശംസ നേർന്ന് ആന്ധ്ര മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

അമരാവതി > അമേരിക്കൻ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ജെ ഡി വാൻസിന്റെ വിജയം ആഘോഷിച്ച് അന്ധ്രയിലെ വട്‌ലൂരു ഗ്രാമം. ഇന്ത്യൻ വംശജയായ വാൻസിന്റെ ഭാര്യ ഉഷ ചിലുകുരി വാൻസിന്റെ മാതാപിതാക്കളുടെ സ്വദേശമാണിത്. ഉഷാ വാൻസിന്റെ കുടുംബാംഗങ്ങൾ ഇപ്പോഴും വട്‌ലൂരുവിലുണ്ട്. പടക്കം പൊട്ടിച്ചും ​​മധുര വിതരണം നടത്തിയും ഗ്രാമത്തിലെ ക്ഷേത്രത്തിൽ പ്രാർഥന നടത്തിയുമാണ് ഇവർ വാൻസിന്റെ വിജയം ആഘോഷിച്ചത്.  

അമേരിക്കയുടെ ഭാവി വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനും രണ്ടാം വനിതയാകുന്ന ഉഷക്കും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആശംസ അറിയിച്ചു. ഉഷ അമേരിക്കയുടെ രണ്ടാം വനിതയാകുന്നത് ചരിത്രമാണ്. ഈ പദവിയിലെത്തുന്ന തെലുഗു പാരമ്പര്യമുള്ള ആദ്യ വനിതയാണ് ഉഷ. ലോകമെമ്പാടുമുള്ള തെലുഗു സമൂഹത്തിന് ഇത് അഭിമാന നിമിഷമാണ്. ഇരുവരെയും ആന്ധ്രാപ്രദേശ് സന്ദർശിക്കാൻ ക്ഷണിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു



1986ലാണ്‌ ഉഷ വാൻസിന്റെ കുടുംബം അമേരിക്കയിലേക്ക്‌ കുടിയേറിയത്‌. ഉഷ ജനിച്ചതും വളർന്നതും അമേരിക്കയിലായിരുന്നു. കേംബ്രിഡ്‌ജിൽനിന്ന്‌ ഫിലോസഫിയിൽ മാസ്റ്റർ ബിരുദം നേടിയ ഉഷ പിന്നീട്‌ യേൽ ലോ സ്‌കൂളിൽ നിയമപഠനം നടത്തുമ്പോഴായിരുന്നു ജെ ഡി വാൻസിനെ പരിചയപ്പെട്ടത്‌. ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഉഷ അമേരിക്കയിലെ ലക്ഷക്കണക്കിന്‌ ഇന്ത്യൻ വംശജരുടെ ഇടയിൽ റിപ്പബ്ലിക്കൻ പാർടിക്കായി സജീവമായി രംഗത്തിറങ്ങിയിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉഷയുടെ സ്വാധീനം വലുതാണെന്ന് വാൻസ് വെളിപ്പെടുത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top