ന്യൂഡൽഹി > കേന്ദ്രസർക്കാരിനെതിരെ കർഷകർ നടത്തുന്ന സമരത്തിൽ പൊലീസിന്റെ ആക്രമണം. ഹരിയാന- പഞ്ചാബ് ശംഭു ബോർഡറിൽ കർഷകരെ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാർക്കു നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. 101 പേരടങ്ങുന്ന കർഷക സംഘമാണ് ഇന്ന് ഡൽഹി ചലോ മാർച്ച് പുനരാരംഭിച്ചത്. ശംഭു അതിർത്തിയിൽ ബാരിക്കേഡ് വച്ച് കർഷകരെ തടയുകയാണ് പൊലീസ്. മുമ്പ് ഡിസംബർ 6നും 8നും ഡൽഹിയിലേക്ക് മാർച്ച് ചെയ്ത കർഷകരെ പൊലീസ് തടഞ്ഞിരുന്നു.
കർഷക സമരത്തെത്തുടർന്ന് ഹരിയാന സർക്കാർ അംബാലയിലെ 12 വില്ലേജുകളിൽ ഇന്റർനെറ്റ് സേവനങ്ങളും എസ്എംഎസ് സേവനങ്ങളും വിച്ഛേദിച്ചു. ഡിസംബർ 17 വരെയാണ് സേവനങ്ങൾ നിർത്തലാക്കിയത്. ഡൽഹി ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ കർഷകർക്ക് അതിർത്തി കടക്കാൻ സാധിക്കൂവെന്നാണ് അംബാല പൊലീസിന്റെ വാദം. അതേസമയം കേന്ദ്രസർക്കാരിനെതിരെ മരണംവരെ നിരാഹാരം പ്രഖ്യാപിച്ച കർഷക നേതാവ് ജഗ്ജിത് ദല്ലേവാളിന്റെ സമരം 19 ദിവസം പിന്നിട്ടു. ദല്ലേവാളിന് വൈദ്യസഹായം നൽകുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..