03 December Tuesday
ഗ്രേറ്റർ നോയിഡയിൽ മാർച്ച്‌ തടയാനുള്ള ശ്രമം 
മറികടന്ന്‌ ഡൽഹി അതിർത്തിവരെ പ്രക്ഷോഭകർ

ഡൽഹിയിലേക്ക്‌ വീണ്ടും 
ഉജ്വല കർഷക മാർച്ച്‌ , രാപകൽ 
സമരം 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024

സംയുക്ത കിസാൻ മോർച്ച നേതൃത്വത്തിൽ കർഷകർ സംഘടിപ്പിച്ച പാര്‍ലമെന്റ് മാർച്ചിൽ പൊലീസ് ബാരിക്കേഡുകൾ മറികടക്കുന്ന പ്രവർത്തകർ


ന്യൂഡൽഹി
വൻകിട പദ്ധതികൾക്ക് ഭൂമി വിട്ടുനൽകിയവർക്ക്‌ നഷ്‌ടപരിഹാരം നൽകാത്ത ആദിത്യനാഥ് സര്‍ക്കാരിനെതിരെ യുപിയിലെ ഗ്രേറ്റർ നോയിഡയിൽ വീണ്ടും വന്‍ കർഷക പ്രക്ഷോഭം. സംയുക്ത കിസാൻ മോർച്ച നേതൃത്വത്തിൽ ആയിരങ്ങൾ തിങ്കളാഴ്‌ച തുടങ്ങിയ പാര്‍ലമെന്റ് മാർച്ച്‌ യുപി– -ഡൽഹി അതിർത്തിയിൽ പൊലീസ്‌ തടഞ്ഞു. തുടര്‍ന്ന് കര്‍ഷകര്‍ മണിക്കൂറുകള്‍ ദേശീയപാത ഉപരോധിച്ചു.

നേരിട്ടെത്തി ചർച്ചനടത്താമെന്ന്‌ ചീഫ്‌ സെക്രട്ടറി മനോജ്‌ കുമാർ സിങ്‌ അറിയിച്ചതോടെ ഉപരോധം അവസാനിപ്പിച്ചു. അതിർത്തിയിലെ മഹാമായ മേൽപ്പാലത്തിന്‌ സമീപത്തുള്ള ദളിത്‌ പ്രേരണസ്ഥൽ സമരകേന്ദ്രമാക്കി രാപകൽ സമരം തുടങ്ങി. ആദിത്യനാഥ്‌ സർക്കാർ ആവശ്യങ്ങളെല്ലാം  അംഗീകരിച്ച്‌ എഴുതി നൽകാതെ സമരം അവസാനിപ്പിക്കില്ലെന്ന്‌ എസ്‌കെഎം പ്രഖ്യാപിച്ചു.  

ഗ്രേറ്റർ നോയിഡയിൽ തന്നെ മാർച്ച്‌ തടയാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തിയാണ് ഡൽഹി അതിർത്തിവരെ കർഷകർ എത്തിയത്. വൻ പൊലീസ്‌ സന്നാഹമൊരുക്കിയാണ്‌ അതിർത്തിയിൽ തടയാനായത്‌. പിന്നാലെ ദേശീയപാത ഉപരോധം തുടങ്ങുകയായിരുന്നു. യമുന എക്‌സ്‌പ്രസ്‌വേ അതോറിറ്റി, യുപി  വ്യവസായ വികസന അതോറിറ്റി തുടങ്ങിയവയുടെ വൻകിട പദ്ധതികൾക്കായി ഭൂമിവിട്ടുനൽകിയവരാണ്‌ പെരുവഴിയിലായത്‌. 14 വർഷമായി നിരന്തരം ആവശ്യപ്പെട്ടിട്ടും യുപി സർക്കാർ തിരിഞ്ഞുനോക്കിയിട്ടില്ല. ഏറ്റെടുത്ത്‌ വികസിപ്പിച്ച ഭൂമിയുടെ 10 ശതമാനം നൽകുക,  നഷ്‌ടപരിഹാരം, തൊഴിൽ  തുടങ്ങിയ ആവശ്യങ്ങളാണ്‌ കർഷകർ  ഉന്നയിക്കുന്നത്‌.  അഞ്ചുദിവസമായി ഗ്രേറ്റർ നോയിഡയിലെ കുത്തിയിരിപ്പ്‌ സമരം അവസാനിപ്പിച്ചാണ്‌ ഡൽഹി മാർച്ച്‌ തുടങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top