04 December Wednesday

തിരുവണ്ണാമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024

ചെന്നൈ > തിരുവണ്ണാമലയിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മഴക്കെടുതി ബാധിച്ച 3.54 ലക്ഷം കുടുംബങ്ങൾക്ക് 5,000 രൂപ വീതം നൽകും. ഉരുൾപൊട്ടലിൽ അഞ്ച് കുട്ടികളടക്കം ഏഴ് പേർ മണ്ണിനടിയിൽ കുടുങ്ങിയിരുന്നു. ഇന്നലെയാണ് ഇവരുടെ മ‍ൃതദേഹം എൻഡിആർഎഫ് സംഘം കണ്ടെത്തിയത്. രാജ്കുമാർ, ഭാര്യ മീന (27), മകൻ ഗൗതം (8), മകൾ വിനിയ (5), രമ്യ (7), വിനോദിനി (16), മഹാ (7) എന്നിവരാണ് മരിച്ചത്.വിഒസി നഗറിലെ 11ാം സ്ട്രീറ്റിലാണ് കുടുംബം താമസിച്ചിരുന്നത്.

ഫെയ്‌ൻജൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്‌നാട്ടിലെ 14 ജില്ലകളിലായി വ്യാപക നാശ നഷ്ടമാണുണ്ടായത്. വില്ലുപുരം, കള്ളക്കുറിച്ചി, തിരുവണ്ണാമല ജില്ലകളിലെ 2.11 ലക്ഷം ഹെക്ടർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. 1.5 കോടി ജനങ്ങളെ മഴ ബാധിച്ചതായാണ് വിവരം. പുനരുദ്ധാരണത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി ദേശീയ നിവാരണ നിധിയിൽ (എൻഡിആർഎഫ്) നിന്ന് 2000 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭ്യർത്ഥിച്ചു.

വില്ലുപുരം, കടലൂർ, കല്ലുറിച്ചി ജില്ലകളിലെ കുടുംബങ്ങൾക്ക് 2000 രൂപ വീതം ധനസഹായം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി അറിയിച്ചു. തമിഴ്‌നാട്, കേരളം, കർണാടക എന്നിവയുൾപ്പെടെ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. പുതുച്ചേരിയിൽ ഇന്ന് എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top