ബംഗളുരു > ബംഗളുരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം. അപകടത്തിൽ ഇരുപതുകാരിയായ ജീവനക്കാരി മരിച്ചു. ഷോറൂമിലെ 45ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു. ഒകലിപുരം സ്വദേശി പ്രിയയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി മൈ ഇവി സ്റ്റോറിലെ ക്യാഷ്യറായിരുന്നു പ്രിയ.
ബംഗളുരുവിലെ ഡോ രാജ്കുമാർ റോഡിലെ ഇലക്ട്രിക് വാഹന ഷോറൂമായ മൈ ഇവി സ്റ്റോറിൽ ഇന്നലെ വൈകിട്ട് 5.30യോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായപ്പോൾ പ്രിയയ്ക്ക് പുറത്തിറങ്ങാനായില്ല. തീ പടരാൻ തുടങ്ങിയപ്പോൾ പ്രിയ ഒരു ചെറിയ ക്യാബിനിൽ കയറി വാതിലടച്ചിരുന്നു. പ്രിയ ഇരുന്ന ക്യാബിനിൽ തീയും പുകയും നിറയുകയായിരുന്നു. ശ്വാസം കിട്ടാതെയും പൊള്ളലേറ്റുമാണ് പ്രിയ മരിച്ചതെന്ന പൊലീസ് പറഞ്ഞു.
മൂന്ന് അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇന്നലെ രാത്രി ഏഴോടെയാണ് തീയണച്ച് പ്രയയുടെ മൃതദേഹം പുറത്തെടുത്തത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. പെട്ടന്ന് തീപടർന്നുപിടിച്ച് ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികൾ പൊട്ടിത്തെറിക്കുകയും മുറിയിലാകെ പുക പടരുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..