ഝാൻസി > ഉത്തര്‍പ്രദേശ് ഝാൻസിയിലെ സര്‍ക്കാര്‍ മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായത് ഷോർട്ട് സർക്യൂട്ടിനാലാണെന്ന് സ്ഥിരീകരണം. മെഡിക്കൽ ഉപകരണങ്ങളിലെ പ്ലാസ്റ്റിക് കവറുകളിലേക്ക് തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. അപകടസമയത്ത് ഫയര്‍ എക്സ്റ്റിംഗ്യുഷറുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് വിവരം. ആശുപത്രിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായതായാണ് റിപ്പോർട്ട്. പത്ത് കുട്ടികളെ കിടത്താവുന്ന തീവ്ര പരിചരണ വിഭാഗത്തിൽ അമ്പതോളം കുട്ടികളാണുണ്ടായിരുന്നത്.
ഉത്തര്‍പ്രദേശ് ഝാൻസിയിലെ മഹാറാണി ലക്ഷ്മി ഭായി സര്‍ക്കാര്‍ മെഡിക്കൽ കോളേജിലെ തീപിടിത്തത്തിൽ പത്തു നവജാതശിശുക്കളാണ് വെന്തുമരിച്ചത്. തീപിടിത്തത്തിൽ പൊള്ളലേറ്റ ഒരു കുട്ടി കൂടി ഇന്ന് മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. ഇതോടെ മരണം 11 ആയി.16 പേര്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെ 37 പേരെ രക്ഷപ്പെടുത്തിയിരുന്നു.
വെള്ളി രാത്രി 10.45ഓടെയായിരുന്നു സംഭവം. മെഡിക്കൽകോളേജിലെ നവജാത ശിശുക്കള്‍ക്കുള്ള തീവ്രപരിചരണവിഭാഗത്തിൽ ഇൻക്യുബേറ്ററിലുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. സംഭവത്തിൽ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യു പി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..