22 December Sunday
തമിഴ്നാട് തിരുച്ചിയിൽ 
സാങ്കേതിക തകരാറിനെ 
തുടര്‍ന്ന് മൂന്ന് മണിക്കൂറിലേറെ വിമാനം ആകാശത്ത്

ശ്വാസംപിടിച്ച് മൂന്ന് മണിക്കൂർ , നിലംതൊട്ടപ്പോൾ ആശ്വാസം ; എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

തിരുച്ചി
ആകാശത്തോളമുയര്‍ന്ന ആശങ്കയൊഴിഞ്ഞു. ഒടുവിൽ ഭൂമിയിൽ ആശ്വാസം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് മൂന്നു മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്ന എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി തിരുച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി. വെള്ളി വൈകിട്ട് 5.40ന് തിരുച്ചിയിൽ നിന്ന് 141 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പുറപ്പെട്ട എഎക്‌സ്‌ബി 613 വിമാനമാണ് പറന്നുയര്‍ന്ന് മിനുറ്റുകള്‍ക്കുള്ളിൽ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് ചക്രങ്ങള്‍ പിൻവലിയാതെ അപകട ഭീഷണിയിലായത്. ഇതോടെ അടിയന്തര ലാൻഡിങ്ങിന് നിര്‍ദേശം നൽകി. സാഹചര്യം നേരിടാൻ 18 ഫയര്‍എൻജിനുകളും ഇരുപതോളം ആംബുലൻസുമടക്കം എല്ലാ സംവിധാനവും ഒരുക്കി.

തിരിച്ചിറങ്ങുന്നതിന് മുമ്പായി അപകടസാധ്യത ഒഴിവാക്കാൻ ഇന്ധനം സുരക്ഷിതമായ അളവിലേക്ക്‌ കുറയ്ക്കാനായി തിരുച്ചിക്ക് മുകളിൽ മൂന്ന് മണിക്കൂറോളം വിമാനം വട്ടമിട്ട് പറന്നു. മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നതോടെ വിമാനത്താവള പരിസരത്തേക്ക് എത്തിയ ബന്ധുക്കളും പ്രദേശവാസികളും കടുത്ത ആശങ്കയിലായി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേത-ൃത്വത്തിൽ അടിയന്തര സാഹചര്യം വിലയിരുത്തി. കേന്ദ്രവ്യോമയാനമന്ത്രി രാം മോഹൻ നായിഡു, ഡിജിസിഎ തുടങ്ങിയവരും സാഹചര്യം നിരീക്ഷിച്ചു. ഒടുവിൽ ആശങ്കകൾക്ക്‌ വിരാമമിട്ട്‌ 8.30ന് വിമാനം സുരക്ഷിതമായി റൺവേ തൊട്ടു. പൈലറ്റുള്‍പ്പെടെയുള്ള ജീവനക്കാരെ മുഖ്യമന്ത്രി സ്റ്റാലിൻ അഭിനന്ദിച്ചു. സാധാരണ നിലയിലുള്ള ലാൻഡിങ് തന്നെയാണ് നടന്നതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി ​ഗോപാലക-ൃഷ്ണൻ പറ‍ഞ്ഞു.

ചക്രം മടങ്ങിയില്ല; 
യാത്ര മുടങ്ങി
പറന്നുയരാനും തിരിച്ചിറങ്ങാനും സഹായിക്കുന്ന മുന്നിലും പിന്നിലുമുള്ള ചക്രങ്ങള‍ും അനുബന്ധ ഭാ​ഗങ്ങളുമാണ്  ലാൻഡിങ് ​ഗിയര്‍. വിമാനം പറന്നുയര്‍ന്ന ശേഷം ചക്രങ്ങള്‍ പിൻവലിയണം. എന്നാൽ ചക്രം പിൻവലിക്കാനാകാതെ വന്നതാണ് പ്രശ്നമായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top