ബംഗളൂരു > ബംഗളൂരുവിൽ 24 കോടിയുടെ എംഡിഎംഎയുമായി വിദേശി വനിത പിടിയിൽ. നൈജീരിയൻ സ്വദേശിയായ റോസ്‌ലിം ഒലൂച്ചി (40) ആണ് ബംഗളൂരു സിറ്റി പൊലീസ് സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) നാർക്കോട്ടിക് വിഭാഗത്തിന്റെ പിടിയിലായത്. ഇവരിൽ നിന്നും 12 കിലോ എംഡിഎംഎ എന്ന സിന്തറ്റിക് സൈക്കഡെലിക് മയക്കുമരുന്ന് പിടികൂടിയതായി പൊലീസ് പറഞ്ഞു.
ബിസിനസ് വിസയിൽ ഇന്ത്യയിലെത്തി വിസ കാലാവധി കഴിഞ്ഞതിന് ശേഷവും ഇന്ത്യയിൽ അനധികൃത താമസക്കാരനായി തുടരുന്നയാളാണ് റോസ്‌ലിം. ബംഗളൂരുവിൽ ടിസി പാല്യ പ്രദേശത്ത് താമസിച്ചു വരികയായിരുന്ന അവർ വിദേശികൾക്കായുള്ള ഒരു ഭക്ഷണശാല നടത്തി വരികയായിരുന്നു.
മുംബൈയിൽ നിന്ന് ബംഗളൂരുവിലേക്ക് വരുന്ന ജൂലിയറ്റ് എന്ന വിദേശ വനിത മയക്കുമരുന്ന് കടത്തുന്നതായി കഴിഞ്ഞ ആഴ്ച സിസിബിക്ക് വിവരം ലഭിച്ചിരുന്നു. വിദേശ പൗരന്മാർക്കും പരിചയക്കാർക്കും കോളജ് വിദ്യാർഥികൾക്കും സോഫ്റ്റ്‌വെയർ പ്രൊഫഷനലുകൾക്കും നിരോധിത മരുന്നായ എംഡിഎംഎ ക്രിസ്റ്റൽ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത് റോസ്‌ലിമും ജൂലിയറ്റും ചേർന്നാണെന്ന് പൊലീസ് കണ്ടെത്തി.തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് എംഡിഎംഎ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..