ന്യൂഡൽഹി
മുൻ വിദേശമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ നട്‍വര്‍ സിങ് (93) അന്തരിച്ചു. ഹരിയാന ഗുഡ്ഗാവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു അന്ത്യം. ഒന്നാം യുപിഎ സര്‍ക്കാരിൽ 2004 –-05ൽ വിദേശമന്ത്രിയായിരുന്നു. നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ്, എഴുത്തുകാരൻ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച ബഹുമുഖ പ്രതിഭയാണ് വിടവാങ്ങിയത്.
രാജസ്ഥാനിലെ ഭരത്പുരിൽ 1931ൽ ജനനം. 1953ൽ തന്റെ ഇരുപത്തിരണ്ടാം വയസിൽ ഇന്ത്യൻ ഫോറിൻ സര്‍വീസിൽ പ്രവേശിച്ച നട്‍വര്‍സിങ് 1973 –-77ൽ യുകെ ഡെപ്യൂട്ടി ഹൈകമ്മിഷ്ണറായി. സാംബിയയിൽ ഹൈകമ്മിഷ്ണറായും പാകിസ്ഥാനിൽ ഇന്ത്യൻ അംബാസിഡറായും പ്രവര്‍ത്തിച്ചു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അവരുടെ ഓഫീസിലും പ്രവര്‍ത്തിച്ചു. 1984ൽ പത്മഭൂഷൺ ലഭിച്ചു. 1984ൽ സര്‍വീസിൽനിന്ന് നേരത്തെ വിരമിച്ച നട്‍വര്‍ സിങ് രാജസ്ഥാനിലെ ഭരത്പുരിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലെത്തി. തുടര്‍ന്ന് രാജീവ് ഗാന്ധി സര്‍ക്കാരിൽ 1985 –89ൽ സഹമന്ത്രിയായി.
പി വി നരസിംഹ റാവു പ്രധാനമന്ത്രിയായതോടെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കോൺഗ്രസ് വിട്ടു. ഓള്‍ ഇന്ത്യ ഇന്ദിര കോൺഗ്രസ് സ്ഥാപിക്കുന്നതിലും പങ്കുവഹിച്ചു. കോൺഗ്രസിൽ സോണിയഗാന്ധി ശക്തിപ്രാപിച്ചതോടെ മടങ്ങിയെത്തി. 2002ൽ രാജ്യസഭാംഗമായി. 2004ൽ മൻമോഹൻ സിങ് സര്‍ക്കാരിൽ വിദേശമന്ത്രി. ഇറാഖി ഓയിൽ ഫോര്‍ ഫുഡ് അഴിമതി ആരോപണത്തെതുടർന്ന് 2005 ഡിസംബറിൽ രാജിവച്ചു.
ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായിരുന്നെങ്കിലും അഴിമതി ആരോപണത്തിൽ സംരക്ഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സോണിയയുമായി ഭിന്നതയിലായി. 2006ൽ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. 2008ൽ നട്‍വര്‍സിങ് ബിഎസ്‌പിയിൽ ചേര്‍ന്നെങ്കിലും പിന്നാലെ പുറത്താക്കപ്പെട്ടു. ആത്മകഥയായ ‘വൺ ലൈഫ് ഈസ് നോട്ട് ഇനഫ്’ അടക്കം നിരവധി പുസ്തകങ്ങൾ രചിച്ചു. ഭാര്യ: ഹെമീന്ദര്‍ കുമാരി സിങ്, മകൻ: ജഗത് സിങ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..