ബംഗളൂരു
സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധിയിലേക്ക് നയിച്ച പൊതുതാൽപ്പര്യഹര്‍ജി നൽകിയ കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്‌ജ് കെ എസ് പുട്ടസ്വാമി (98) വിടവാങ്ങി. തിങ്കളാഴ്ച ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. നിയമ പിൻബലമില്ലാതെ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ സംവിധാനം പൗരന്റെ സ്വകാര്യതയ്‌ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി 2012ൽ എൺപത്തിയാറാം വയസിലാണ് പുട്ടസ്വാമി സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് 2017 ആഗസ്ത് 24 ന് ഒൻപതംഗ ഭരണഘടനാബെഞ്ച് സ്വകാര്യതയ്‌ക്കുള്ള അവകാശം പൗരന്റെ മൗലികാവകാശമാണെന്ന് ഏകകണ്ഠമായി വിധിയെഴുതിയത്. 2018ൽ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് ആധാറിന്റെ ഭരണഘടനാസാധുത ശരിവച്ച ശേഷമാണ് പുട്ടസ്വാമി ആധാര്‍ കാര്‍ഡ് എടുത്തത്.
1926 ഫെബ്രുവരിയിലാണ് ജനനം.
ബംഗളൂരുവിലെ ഗവ. ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. 1952ൽ അഭിഭാഷകനായി. 1977 നവംബര്‍ 28ന് കര്‍ണാടക ഹൈക്കോടതി ജഡ്ജായി. 1986ൽ വിരമിച്ചശേഷം ബംഗളൂരുവിലെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വൈസ് ചെയര്‍മാനായി. ഹൈദരാബാദിൽ ആന്ധ്രപ്രദേശ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയര്‍മാനായും ആന്ധ്രപ്രദേശ് പിന്നാക്ക വിഭാഗ കമീഷൻ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..