ന്യൂഡൽഹി > മുന്‍ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മന്മോഹന് സിങ്(92) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഡല്‍ഹിയിലെഎയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടു കൂടി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. തുടർന്ന് എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 9.51നായിരുന്നു അന്ത്യം.
ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ് ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു. മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം രാഹഷ്ട്രീയത്തിൽ രംഗപ്രവേശനം നടത്തുന്നത്. നരസിംഹറാവുവിന്റെ കേന്ദ്രമന്ത്രിസഭയിൽ ധനകാര്യമന്ത്രി പദത്തിലിരിക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ നിരവധി പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്. ആഗോളവൽക്കരണണത്തിനും ഉദാരവൽക്കരണത്തിനും വാതിൽ തുറന്നത് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു.
ശക്തമായ എതിർപ്പുകൾക്കിടയിലും, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ഉദാരവൽക്കരിക്കുന്ന നിരവധി ഘടനാപരമായ പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടു. രാജ്യത്ത് കോർപറേറ്റ് അനുകൂല–- തൊഴിലാളി വിരുദ്ധ നയങ്ങൾ തുടരാൻ പിന്നീടുള്ള ഗവൺമെന്റുകളെ പ്രേരിപ്പച്ചത് ഈ പരിഷ്കാരങ്ങളാണ്. വ്യവസായത്തകർച്ചയും തൊഴിലില്ലായ്മയും രൂക്ഷമായതും ഈ നയങ്ങളുടെ പരിണിതഫലമാണ്. വാജ്പേയി സർക്കാരിന്റെ കാലത്ത് ഡോ. സിങ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി. 2004-ൽ യുപിഎ (യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്) അധികാരത്തിലെത്തിയപ്പോൾ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മന്മോഹന് സിങ്ങിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി നിര്‍ദേശിക്കുകയായിരുന്നു. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി , വിവരാവകാശ നിയമം, വനാവകാശ നിയമം തുടങ്ങിയ സുപ്രധാന നിയമനിർമാണങ്ങള്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയുള്ള ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് സാധ്യമായത്. 2ജി സ്പെക്ട്രം അഴിമതി, കൽക്കരിപ്പാടം കുംഭകോണം തുടങ്ങി നിരവധി അഴിമതി ആരോപണങ്ങൾ മന്മോഹന് സിംഗിന്റെ രണ്ടാം മന്ത്രിസഭ നേരിട്ടു.
1991 ലാണ് മൻമോഹൻ സിങ് രാജ്യസഭയിൽ എത്തുന്നത്. അസം സംസ്ഥാനത്തിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട അദ്ദേഹം പിന്നീട് 1995, 2001,2007 ലും 2013 ലും അസമിൽ നിന്നു തന്നെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1999 ൽ ദക്ഷിണ ഡൽഹിയിൽ നിന്നും ലോക സഭയിലേക്ക് മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടു. 1991 മുതൽ 2024 വരെ 6 തവണ കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭാംഗമായിരുന്ന മൻമോഹൻ സിങ് ഇക്കഴിഞ്ഞ ഏപ്രിലിൽ രാജ്യസഭാഗത്വം ഒഴിഞ്ഞു.
ആഡംസ്മിത്ത് പുരസ്കാരം (കേംബ്രിജ് സർവകലാശാല), ലോകമാന്യ തിലക് പുരസ്കാരം, ജവഹർലാൽ നെഹ്റു ജന്മശതാബ്ദി പുരസ്കാരം, മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ: ഗുർശരൺ കൗർ, മൂന്നുപെൺമക്കൾ: ഉപീന്ദർ സിങ്, ദമൻ സിങ്, അമൃത് സിങ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..