ഇന്ത്യൻ സാമ്പത്തിക പരിഷ്ക്കാരത്തിന്റെ ശിൽപി എന്ന നിലയിൽ വിദേശ മാധ്യമങ്ങളും രാഷ്ട്രനേതാക്കളും പുകഴ്ത്തിയ മൻമോഹൻ സിങ്ങിന് രണ്ടാം യുപിഎ ഭരണത്തിന്റെ അവസാനകാലം തിരിച്ചടികളുടേത്. നെഹ്റുവിനു ശേഷം അഞ്ച് വർഷം പ്രധാനമന്ത്രി പദത്തിലിരുന്ന് വീണ്ടും അധികാരമേറ്റ ഘട്ടത്തിൽ ലോക മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. 2010ൽ ടൈം മാസിക ഏറ്റവും സ്വാധീനമുള്ള നൂറ് ലോകനേതാക്കളിൽ ഒരാളായി തെരഞ്ഞെടുത്തു. ആദരണീയ നേതാവെന്ന് വിശേഷിപ്പിച്ച "ഇൻഡിപ്പെൻഡന്റ്' അസാധാരണ മാന്യതയും ആകർഷണത്വവുമുള്ള മനുഷ്യനെന്നും പുകഴ്ത്തി. ന്യൂസ്വീക്ക്, നേതാക്കൾ ഇഷ്ടപ്പെടുന്ന നേതാവെന്ന് വിളിച്ചു. രാഷ്ട്രീയ നേതാവിന് അദ്ദേഹം മാതൃകയാണെന്ന് മുഹമ്മദ് എൽ ബറാദിയെ ഉദ്ധരിച്ച് ലേഖനംപറഞ്ഞു. വേൾഡ് സ്റ്റേറ്റ്സ്മെൻ അവാർഡ്ലഭിച്ചതും അതേ വർഷം. സ്ഥൈര്യവും ആർജവവും കാഴ്ചപ്പാടുമുള്ള നേതാവെന്നു പറഞ്ഞ ഹെൻറി കിസിഞ്ചർ ഇന്ത്യയിലെ സാമ്പത്തിക പരിവർത്തനത്തിൽ അദ്ദേഹത്തിന്റെ നേതൃത്വം അഭിനന്ദനാർഹമെന്നും കൂട്ടിച്ചേർത്തു. 2010ൽ ഫോർബ്സ് മാസിക റേറ്റിങ്ങിൽ ലോകത്തിലെ ശക്തരായ നേതാക്കളിൽ 18ാം സ്ഥാനത്ത്. നെഹ്റു കഴിഞ്ഞാൽ ഏറ്റവും കഴിവുറ്റ ഇന്ത്യൻ പ്രധാനമന്ത്രിയായി ലോകം അംഗീകരിച്ച നേതാവെന്നും വിശേഷിപ്പിച്ചു.
സ്തുതി പാടിയ ലോക മാധ്യമങ്ങൾ തിരിച്ചുപറയാൻ അധികം വേണ്ടിവന്നില്ല. "ടൈം' 2012 ജൂലൈയിൽ മൻമോഹനെ പ്രതീക്ഷക്കൊത്ത് ഉയരാനാവാത്ത നേതാവെന്ന് വിശേഷിപ്പിച്ചു. അഴിമതി തടയാനോ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനോ കഴിഞ്ഞില്ല. കാര്യശേഷിയില്ലാത്ത, നിഴൽമാത്ര നേതാവെന്ന് കുറ്റപ്പെടുത്തി. യുഎസ് പത്രം വാഷിങ്ടൺ പോസ്റ്റ് മൻമോഹന്റെ മുഖചിത്രം നൽകി "ദുരന്തചിത്രം' എന്ന് പ്രസ്താവിച്ചു. "ഇന്ത്യാസ് സൈലന്റ് പ്രൈംമിനിസ്റ്റർ ബികംസ് ട്രാജിക്ഫിഗർ' എന്ന ലേഖനത്തിലായിരുന്നു പരാമർശം. ഇന്ത്യയെ നവീനതയിലേക്കും വളർച്ചയിലേക്കും നയിച്ച പ്രധാനമന്ത്രി ചരിത്രത്തിലെ പരാജിതനാണെന്നും പരിഷ്ക്കരണങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി. സോണിയയുമായുള്ള അധികാര വീതംവെപ്പ് പ്രവർത്തിക്കാനാവാത്ത പ്രധാനമന്ത്രിയാക്കി. കരുതലോടും ബുദ്ധിപരമായും നീങ്ങിയ മൻമോഹൻ തീർത്തും വ്യത്യസ്തനാണെന്നും നിരീക്ഷണം. അഴിമതിയിൽ മുങ്ങിയ സർക്കാരിന് അധ്യക്ഷം വഹിക്കുന്ന വിറയ്ക്കുന്ന, അസമർഥനായ ഉദ്യോഗസ്ഥനെന്നും വിലയിരുത്തൽ. ഇന്ത്യയുടെ നായകനോ സോണിയയുടെ വളർത്തുമൃഗമോ എന്നാണ് "ഇൻഡിപ്പെൻഡന്റ് പത്രം ഉയർത്തിയ ചോദ്യം. രണ്ടാമത് അധികാരത്തിൽ വന്നശേഷമാണ് സിങ്ങിന്റെ ജനപ്രിയതയുടെ അവരോഹണം.
സാമ്പത്തിക മേഖല തളർന്നു. അഴിമതി രാജ്യത്തിന്റെ വില കെടുത്തി. ഇന്ത്യ ആഗോള ശക്തിയായി മാറുകയാണെന്ന ആശയം ചോദ്യമായി. സോണിയ പ്രധാന അധികാരകേന്ദ്രമായതും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും ഘടകകക്ഷികൾ നടത്തിയ അഴിമതിയും സർക്കാരിന്റെ മുഖം വികൃതമാക്കി. 2ജി, കൽക്കരി, ഹൗസിങ് കുംഭകോണങ്ങൾ പ്രധാനമന്ത്രിയുടെ അധികാരത്തെ അപ്രസക്തമാക്കുകയും ചെയ്‌തു. സാമ്പത്തിക പരിഷ്കരണങ്ങൾ നിലച്ചു. രൂപ കൂപ്പുകുത്തി. മന്ത്രിസഭയിലെ സഹപ്രവർത്തകർ കീശ നിറയ്ക്കുമ്പോഴും ആരോപണങ്ങൾ ഒന്നൊന്നായി വരുമ്പോഴും മൗനം വെടിയാത്തതും മൻമോഹന് വിനയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..