31 October Thursday

ബിജെപി വിട്ടു; പുതിയ പാർടി പ്രഖ്യാപിച്ച്‌ മുൻ കേന്ദ്രമന്ത്രി ആർ സി പി സിംഗ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

photo credit: X

പട്‌ന> സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ജന്മവാർഷികത്തിൽ പുതിയ രാഷ്‌ട്രീയപാർടിയുമായി മുൻ കേന്ദ്രമന്ത്രി ആർ സി പി സിംഗ്. വ്യാഴാഴ്ചയാണ്‌ 'ആപ് സബ്കി ആവാസ്' എന്ന പാർടി രൂപീകരിച്ചത്‌.

ദീപാവലിക്ക് പുറമെ സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ജന്മവാർഷികം കൂടിയായതിനാലാണ് വ്യാഴാഴ്‌ച പുതിയ പാർടി പ്രഖ്യാപനം നടത്തിയതെന്ന്‌ ആർ സി പി സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജെഡിയു നേതാവ് നിതീഷ് കുമാറുമായുണ്ടായ അസ്വാരസ്യത്തെത്തുടർന്ന്‌ പാർടി വിടുകയും ബിജെപിയിൽ ചേരുകയും ചെയ്‌തിരുന്നു. ജെഡിയു  ആർ സി പി സിംഗിനെതിരെ സാമ്പത്തിക ക്രമക്കേട്‌ ആരോപിക്കുകയും അഴിമതി ആരോപണങ്ങളിൽ വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ്‌  2023 ൽ അദ്ദേഹം ബിജെപിയിൽ ചേരുന്നത്‌.

എന്നാൽ കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ബിജെപി – ജെഡിയു സഖ്യം ആർ സി പി സിംഗിനെ തഴയുകയും കാര്യമായ പദവിയൊന്നും നൽകുകയും ചെയ്‌തില്ല. ബിജെപി അംഗത്വം പുതുക്കി നൽകാതിരിക്കുകയും കഴിഞ്ഞ 18 മാസമായി പുതിയ ചുമതലകളൊന്നും നൽകാതിരിക്കുകയും ചെയ്ത്‌തിരുന്നു. ഇതേ തുടർന്ന്‌ ആർ സി പി സിംഗ്  ബിജെപി വിടുകയും പുതിയ പാർടി രൂപീകരിക്കുകയുമായിരുന്നു.

അടുത്ത വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർടി മത്സരിക്കുമെന്നും 243-ൽ 140 സീറ്റുകളിലേക്ക് ഇതിനകം തന്നെ സ്ഥാനാർഥികളുണ്ടെന്നും ആർ സി പി സിംഗ്  വ്യക്തമാക്കി.












 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top