22 December Sunday
സംസ്ഥാന പദവി ആദ്യ പ്രമേയമാവും

കോൺഗ്രസ് ഇല്ലാതെയും മന്ത്രിസഭ രൂപീകരിക്കാം; കശ്മീരിൽ എൻസിക്ക് അഞ്ച് സ്വതന്ത്രരുടെ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

ശ്രീനഗര്‍> ജമ്മു കശ്മീരിൽ നാല് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പിച്ചതോടെ ഒമർ അബ്ദുള്ളയുടെ നാഷണൽ കോണ്‍ഫറന്‍സിന് കോൺഗ്രസ് ഇല്ലാതെയും സർക്കാർ രൂപീകരിക്കാം. 90 അംഗ നിയമസഭയില്‍ എൻസിക്ക് 46 എംഎല്‍എമാരുടെ മുൻതൂക്കമായി.

ലഫ്. ഗവര്‍ണര്‍ നാമനിര്‍ദേശംചെയ്യുന്ന അംഗങ്ങളെ ഉപയോഗിച്ചുള്ള ബി ജെ പി നീക്കത്തെയും ഇത് ദുർബലപ്പെടുത്തും. കുൽഗാമിൽ സിപിഐ എം സ്ഥാനാർത്ഥി മുഹമ്മദ് യൂസുഫ് തരിഗാമി ജയിച്ചതും ഇതിൽ നിർണ്ണായകമാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്വന്തമായി 42 സീറ്റുകൾ നേടിയിട്ടുണ്ട്. സഖ്യകക്ഷിയായ കോണ്‍ഗ്രസിന് ആറ് എംഎല്‍എമാരാണ് ഉള്ളത്.

നിയുക്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ പാര്‍ടി നിയമസഭാകക്ഷി നേതാവായി എതിരില്ലാതെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഘടകകക്ഷികളുടെ യോഗത്തിനുശേഷമാവും.

അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളോ ചില ബോധപൂര്‍വമായ ശ്രമങ്ങളോ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട് എന്നാണ് ജമ്മു-കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കാര പ്രതികരിച്ചത്. ജമ്മു മേഖലയിലെ ഫലം പ്രതീക്ഷകള്‍ക്ക് അനുസൃതമായല്ലെന്നും പരാജയത്തെക്കുറിച്ച് വിശദമായ അഭിപ്രായം തേടുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

ജമ്മു മേഖലയിൽ ബി ജെ പി 27 സീറ്റ് നേടിയപ്പോൾ കോൺഗ്രസിന് ഒറ്റ സീറ്റിൽ മാത്രമാണ് ജയിക്കാനായത്. അതേ സമയം കശ്മീർ മേഖലയിൽ ബി ജെ പി സമാനമായ തിരിച്ചടി നേരിട്ടു. ജമ്മു കശ്മീർ സംസ്ഥാനത്ത് ബി ജെ പിക്ക് മൊത്തം  ലഭിച്ചത് 29 സീറ്റുകളാണ്.

ജമ്മു-കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ പാസാക്കുമെന്ന തീരുമാനത്തിലാണ് നാഷണൽ കോൺഫറൻസ്. ലെഫ്. ഗവർണർക്ക് അഞ്ച് പേരെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാനുതകുന്ന ഭേദഗതി കൊണ്ടുവന്ന കേന്ദ്ര നീക്കത്തിന് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top