22 December Sunday

ജമ്മു കശ്‌മീരില്‍ ഭീകരാക്രമണം തുടര്‍ക്കഥ ; ക്യാപ്‌റ്റനടക്കം 
4 സൈനികർക്ക്‌ വീരമൃത്യു

സ്വന്തം ലേഖകൻUpdated: Wednesday Jul 17, 2024


ന്യൂഡൽഹി
ജമ്മു -കശ്‌മീരിലെ ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ  ക്യാപ്‌റ്റൻ അടക്കം നാല്‌ സൈനികർക്ക് വീരമൃത്യു. കത്വയിൽ കഴിഞ്ഞയാഴ്‌ച അഞ്ച്‌ സുരക്ഷാസൈനികരെ കൊലപ്പെടുത്തിയ ഭീകരർക്കായുള്ള തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ.  ക്യാപ്‌റ്റൻ ബ്രിജേഷ്‌ ഥാപ്പ, നായിക്ക്‌ ഡി രാജേഷ്‌, സിപായ്‌ ബിജേന്ദ്ര, സിപായ്‌ അജയ്‌ സിങ്‌ എന്നിവരാണ്‌ തിങ്കളാഴ്‌ച രാത്രി മരിച്ചത്‌. ഉറാർബാഗി മേഖലയിലെ വനപ്രദേശത്ത്‌ കരസേനയുടെയും പൊലീസിന്റെയും സംയുക്ത തിരച്ചിൽ സംഘത്തിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

കൊടുംവനത്തിൽ മഞ്ഞും മഴയും തിരച്ചിൽ സംഘത്തിന്‌ തടസ്സം സൃഷ്ടിച്ചിരുന്നു. രാത്രി 8.40നാണ്‌ ആക്രമണമുണ്ടായത്‌.  ഇരുട്ടിന്റെ മറവിൽനിന്നുണ്ടായ തുടർച്ചയായ വെടിവയ്‌പ്പിൽ നാല് സൈനികർക്ക്‌ പരിക്കേറ്റു. ഇവർ പിന്നീട്‌ മരിച്ചു. വെടിവയ്‌പ്പിനുശേഷം ഉൾവനത്തിലേക്ക്‌ രക്ഷപെട്ട ഭീകരരെ തിരയുന്നതിനിടെ രണ്ടാം വട്ടം ഏറ്റുമുട്ടലുണ്ടായി. ആർക്കും പരിക്കില്ല. കൂടുതൽ സുരക്ഷാഭടൻമാർ എത്തി തിരച്ചിൽ തുടർന്നു. ഡ്രോണുകൾ ഉപയോഗിച്ചുള്ള തിരച്ചിലും തുടരുകയാണ്‌. ദോഡയ്‌ക്ക്‌ പുറമെ കത്വ, കിഷ്‌ത്വാർ, ഉദ്ദംപൂർ, ബന്ദർവാഹ്‌ ജില്ലകളിലും പൊലീസും സൈനികരും ഉൾപ്പെടുന്ന സംയുക്ത സംഘം തിരച്ചിൽ തുടരുകയാണ്‌. ജമ്മുവിലെ വനമേഖലയിലേക്ക്‌ മൂന്ന്‌ മുതൽ നാല്‌ വരെ ഭീകരർ ഉൾപ്പെടുന്ന പത്തോളം സംഘം നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top