മുംബെ> മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി അജിത് പവാർ പക്ഷ നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകൾക്കിടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നായകൻ ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെതെന്ന് കരുതുന്ന പോസ്റ്റ്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ബിഷ്ണോയിക്കും സംഘത്തിനും പങ്കുണ്ടെന്ന രീതിയിൽ പൊലീസ് നേരത്തെ സൂചന പുറത്തു വിട്ടിരുന്നു. അതിനിടെയാണ് കൊലപാതകത്തിന്റ ഉത്തരവാദിത്തം സംഘത്തിന്റെ എന്ന് പൊലീസ് സംശയക്കുന്ന സോഷ്യൽ മീഡിയ അക്കൌണ്ടുകൾ ഏറ്റെടുക്കുന്നത്.
നേരത്തേ ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെയുണ്ടായ വധശ്രമക്കേസിൽ പ്രതിയായിരുന്നു ലോറൻസ് ബിഷ്ണോയി. ഷിബു ലോങ്കർ എന്ന സോഷ്യൽ മീഡിയ അക്കൗണ്ട് കേന്ദ്രീകരിച്ചാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. ബിഷ്‌ണോയി സംഘത്തിലെ അസോസിയേറ്റായ ശുഭം രാമേശ്വർ ലോങ്കർ എന്നയാളായിരിക്കും ഇതെന്നാണ് പൊലീസ് തന്നെ വിശദമാക്കുന്നത്. ബിഷ്‌ണോയി സംഘവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ശുഭം. അനധികൃതമായി ആയുധം കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് ശുഭം ലോങ്കർ.
ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനായ അൻമോൾ ബിഷ്‌ണോയിയുമായി ബന്ധപ്പെടാറുണ്ടെന്ന് മുമ്പ് ചോദ്യം ചെയ്യലിൽ പോലീസിനോട് ഇയാൾ വെളിപ്പെടുത്തിയിരുന്നതും സംശയത്തിന് പിൻബലമായി പൊലീസ് ഉന്നയിക്കുന്നു.
ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നതെന്നും ശ്രദ്ധേയമാണ്. ബാബാ സിദ്ദിഖി സംഘടിപ്പിക്കാറുള്ള വൻ ഇഫ്താർ പാർട്ടികളിൽ സൽമാൻ ഖാനും ഷാരൂഖ് ഖാനും ഉൾപ്പടെയുള്ള ബോളിവുഡ് താരങ്ങൾ പങ്കെടുക്കാറുണ്ടായിരുന്നു.
ബാന്ദ്ര ഈസ്റ്റിലെ നിർമൽ നഗറിലെ സീഷൻ സിദ്ദിഖിയുടെ ഓഫീസിന് സമീപത്ത് വെച്ചാണ് രാത്രി 9.30 ഓടെ സിദ്ദിഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിർത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ദിഖിയെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കിയിരുന്നു. ഉത്തർപ്രദേശ് ഹരിയാന സ്വദേശികളാണ് പിടിയിലായത്. ഇവർ തന്നെയാണ് സിദ്ദിഖിയെ വധിച്ചതെന്നാണ് പറുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..